| Sunday, 2nd October 2022, 10:02 am

19 വര്‍ഷത്തിനിടെ ഒരു മിസ് കോളെങ്കിലും അടിക്കാമായിരുന്നില്ലേ മൂസക്കാ; കഞ്ഞിയെടുക്കട്ടെ മാണിക്യാ ഡയലോഗിന് ശേഷം മേ ഹൂം മൂസ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത മേ ഹൂം മൂസ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

19 വര്‍ഷമായി പാകിസ്ഥാനിലെ ജയിലില്‍ തടവില്‍ കഴിഞ്ഞ ലാന്‍സ് നായിക് മുഹമ്മദ് മൂസ ജന്മനാടായ മലപ്പുറത്തേക്ക് തിരിച്ചെത്തുന്നതും എന്നാല്‍ മരിച്ചെന്ന് കരുതിയ മൂസയെ അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നിടത്താണ് കഥ ആരംഭിക്കുന്നത്.

ഹരീഷ് കണാരന്റെ കോമഡികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒന്നും സിനിമയിലില്ല. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ മഞ്ജുവാര്യരുടെ കഥാപാത്രം മോഹന്‍ലാലിന്റെ കഥാപാത്രത്തോട് കുറച്ച് കഞ്ഞിയെടുക്കട്ടെ മാണിക്യാ എന്ന് ചോദിക്കുന്നതിന് സമാനമായ നിരവധി ഡയലോഗുകളാണ് മേം ഹൂം മൂസയിലുള്ളത്.

വളരെ സീരിയസായ സിറ്റുവേഷനുകളില്‍ സുരേഷ് ഗോപിയുടെ മൂസ പറയുന്ന പല ഡയലോഗുകളും കല്ലുകടിയാകുന്നുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

19 വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ മൂസ കാണുന്നത് തന്റെ ഭാര്യയായ കുഞ്ഞിപ്പാത്തുവിനെ തന്റെ അനുജന്‍ വിവാഹം കഴിച്ചതായിട്ടാണ്. ഭാര്യ വിവാഹം ചെയ്തതറിയാതെ അവളുടെ അടുത്ത് ചെന്ന് സ്‌നേഹത്തോടെ സംസാരം തുടങ്ങുകയാണ് മൂസ.

19 വര്‍ഷം പാക്കിസ്ഥാനിലെ ജയിലില്‍ താന്‍ നേരിട്ട ക്രൂര പീഡനങ്ങളെ കുറിച്ച് പറയുന്ന മൂസ മരിക്കുന്നതിന് മുന്‍പ് ഒരിക്കലെങ്കിലും തന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു തനിക്കെന്ന് പറയുന്നുണ്ട്.

ഈ കഥകളെല്ലാം കേട്ട് പൊട്ടിക്കരയുന്ന ഭാര്യയോട് നിനക്ക് ഒരു മാറ്റവുമില്ലല്ലോ കുഞ്ഞിപ്പാത്തൂ എന്ന് മൂസ ചോദിക്കുന്നുണ്ട്. ഈ സമയത്ത് കുഞ്ഞിപ്പാത്തുവിന്റെ അടുത്തേക്ക് അവരുടെ ഇളയ കുട്ടി കടന്നുവരുന്നിടത്ത് നിന്നാണ് ഭാര്യയുടെ വിവാഹം കഴിഞ്ഞ കാര്യം മൂസ അറിയുന്നത്.

തന്റെ അനുജനെ വിവാഹം കഴിക്കാന്‍ കുഞ്ഞിപ്പാത്തു തയ്യാറായെന്ന് വിശ്വസിക്കാന്‍ കഴിയാതെ വികാരധീനനായി നില്‍ക്കുന്ന മൂസയോട്, 19 വര്‍ഷത്തിനിടെ ഒരു മിസ് കോളെങ്കിലും അടിച്ചൂടായിരുന്നോ മൂസക്കാ എന്നാണ് കുഞ്ഞിപ്പാത്തു ചോദിക്കുന്നത്.

വളരെ സീരിയസായ ഒരു രംഗത്ത് ഇങ്ങനെയൊരു ഡയലോഗ് എന്തിന് കൊണ്ടുവന്നുവെന്ന് സിനിമയുടെ തുടക്കത്തില്‍ പ്രേക്ഷന് തോന്നുമെങ്കിലും തുടര്‍ന്നിങ്ങോട്ടുള്ള പല സീരിയസ് രംഗങ്ങളിലും മൂസയെ കൊണ്ട് ഇത്തരത്തിലുള്ള ഡയലോഗുകള്‍ സംവിധായകന്‍ പറയിപ്പിക്കുന്നുണ്ട്.

തന്റെ മകളുടെ വിവാഹം ക്ഷണിക്കാന്‍ വരുന്ന കുഞ്ഞിപ്പാത്തുവിനോട് വളരെ വിഷമത്തോടെ സംസാരിച്ചുതുടങ്ങുന്ന മൂസ ഒടുവില്‍ അവളോട് ചോദിക്കുന്നത് മകളുടെ വിവാഹശേഷം നമുക്ക് ഒളിച്ചോടാം എന്നാണ്.

വളരെ സീരിയസായി അവതരിപ്പിച്ചാല്‍ പോലും പ്രേക്ഷകന് കണ്‍വിന്‍സിങ് ആകുന്ന സീനുകളിലാണ് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ മൂസയെ കൊണ്ട് ഇത്തരം ഡയലോഗുകള്‍ പറയിപ്പിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ നിരവധി ഡയലോഗുകള്‍ പല രംഗങ്ങളിലും കാണാന്‍ സാധിക്കും. മരിച്ചെന്ന് കരുതിയ ഒരു പട്ടാളക്കാരന്‍ 19 വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മാധ്യമങ്ങളിലോ പൊതുസമൂഹത്തിലോ ഉണ്ടായേക്കാവുന്ന ഒരു കോളിളക്കവും സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നില്ല.

അതേസമയം ഹരീഷ് കണാരന്‍ വരുന്ന മിക്ക സീനുകളിലുമുള്ള കോമഡികള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകുന്നുണ്ട്. ഒരുപരിധിവരെ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത് ഹരീഷ് കണാരന്റെ താമി എന്ന കഥാപാത്രം തന്നെയാണ്.

പൂനം ബജ് വെയാണ് ചിത്രത്തില്‍ കുഞ്ഞിപ്പാത്തുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നടി ശൃന്ദയും സൈജു കുറുപ്പും ഹരീഷ് കണാരനുമെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെ തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്.

Content Highlight: suresh gopi moosa character dialogues in mei hoon moosa

We use cookies to give you the best possible experience. Learn more