| Monday, 22nd April 2019, 12:11 pm

ലാല്‍ എന്റെ സതീര്‍ത്ഥ്യന്‍, എത്തിയത് അനുഗ്രഹം വാങ്ങാന്‍; മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിശബ്ദപ്രചരണ ദിനമായ ഇന്ന് മോഹന്‍ലാലിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച് നടനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി.

ഇത് നിശബദ് പ്രചരണത്തിന്റെ സമയമാണെന്നും തന്റെ മണ്ഡലത്തിന് പുറത്ത് വന്ന് അത് ചെയ്യുകയാണെന്നുമായിരുന്നു സുരേഷ് ഗോപി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

പതിനഞ്ച് മിനുട്ട് നേരത്തെ സംസാരത്തിന് ശേഷം മോഹന്‍ലാലിനെ പൊന്നാട അണിയിച്ച ശേഷമായിരുന്നു ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചത്.

കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്താണെന്ന ചോദ്യത്തിന് ഞാന്‍ എന്റെ സത്ീര്‍ത്ഥ്യനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ എത്തിയതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

”ഞാനെന്റെ സതീര്‍ത്ഥ്യനെ കാണാനെത്തിയതാണ്, എന്റെ സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് ഒരു സൂപ്പര്‍താരമെന്നെ കൊണ്ടുനടന്നു. മമ്മൂക്കയും കൊണ്ടുനടന്നു. രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മിക്കവാറും ലാലിന്റെ മുറിയില്‍ ലാല്‍ എന്നെ കെട്ടിപ്പിടിച്ചാണ് കിടന്നിട്ടുള്ളത്. മിക്കവാറും ലാലും സുചിയും എന്റെ വീട്ടില്‍ വരും .ഞങ്ങളും അങ്ങനെ തന്നെ. അപ്പോള്‍ എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു മൂഹൂര്‍ത്തത്തിന് ലാലിന്റെ അനുഗ്രഹവും എനിക്ക് അനിവാര്യമാണ്. ആ അനുഗ്രഹം വാങ്ങാന്‍ എനിക്ക് അനുമതി കിട്ടി. വന്നു സന്ദര്‍ശിച്ചു. ഇത് ഒരു നിശബദ് പ്രചരണത്തിന്റെ സമയമാണ്. പക്ഷേ ഞാന്‍ എന്റെ മണ്ഡലത്തിന് പുറത്ത് വന്ന് അത് ചെയ്യുന്നു”- സുരേഷ് ഗോപി പറഞ്ഞു.

ഇന്നസെന്റിന് വേണ്ടി മമ്മൂട്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതെല്ലാം മറ്റു വിഷയമല്ലേ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ”ഇതില്‍ രാഷ്ട്രീയമല്ല. ഇത് കുടുംബം സിനിമാ കുടുംബമെന്ന് പറയാം. ലാലിന്റെ അമ്മ എനിക്ക് എന്റെ ഇഷ്ടം നോക്കി ഒരുപാട് ഭക്ഷണം ഉണ്ടാക്കിത്തന്നിട്ടുണ്ട്. ആ അമ്മയുടെ അനുഗ്രഹവും എനിക്ക് വേണം. അമ്മയെ കണ്ടു അനുഗ്രഹം വാങ്ങി”- സുരേഷ് ഗോപി പറഞ്ഞു.

തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു മോഹന്‍ ലാല്‍ പ്രതികരിച്ചത്.

ലാലേട്ടന്‍ വോട്ട് ചെയ്യാന്‍ പോകുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ചോദിക്കരുത് എന്നായിരുന്നു ലാലിന്റെ മറുപടി. ”നാളെ നടക്കുന്ന സംഭവം നമുക്ക് പറയാന്‍ പറ്റില്ലല്ലോ അത് സസ്‌പെന്‍സില്‍ ഇരിക്കട്ടെ”- എന്നായിരുന്നു ലാല്‍ പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more