| Tuesday, 2nd August 2022, 9:12 am

ഗോകുലിന് മുമ്പേ ട്രോള്‍ കണ്ടിരുന്നെങ്കില്‍ എന്റെ റിയാക്ഷന്‍ ഇങ്ങനെയായിരിക്കും: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയെ അധിക്ഷേപിച്ചുള്ള ട്രോളിന് ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത് വലിയ ചര്‍ച്ചയായതാണ്. സിംഹവാലന്‍ കുരങ്ങിന്റേയും സുരേഷ് ഗോപിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ട് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിക്കുന്ന ട്രോളിന് ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,’ എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി.

ഗോകുലിന് മുമ്പേ ആ ട്രോള്‍ കണ്ടിരുന്നെങ്കില്‍ തന്റെ റിയാക്ഷന്‍ എങ്ങനെയായിരിക്കുമെന്ന് പറയുകയാണ് പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി.

‘സിംഹവാലന്‍ കുരങ്ങിന്റെ പടം വെച്ച് ഇങ്ങനൊരു പോസ്റ്റ് ഞാന്‍ കണ്ടിട്ടില്ല. ഗോകുലിന്റെ കമന്റ് വരുമ്പോഴാണ് ഞാന്‍ അത് കാണുന്നത്. അത് കണ്ടിരുന്നേല്‍ ഞാന്‍ പറയും എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൃഗമാണെന്ന്, അല്ലെങ്കില്‍ ഒരു ദൈവീക ജന്മമാണെന്ന്.

സൈലന്റ് വാലി പ്രോജക്റ്റ് വരുന്നതിനെതിരെ സമരം ചെയ്ത കൊല്ലം ഫാത്തിമ കോളേജിലെ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ എസ്.എഫ്.ഐക്കാരുണ്ട്. ഞാന്‍ അതിന്റെ നേതാവായിരുന്നു. എനിക്ക് കിട്ടിയ ഫുള്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഫൈസി എന്ന് പറയുന്ന ഞങ്ങളുടെ സുഹൃത്തില്‍ നിന്നായിരുന്നു. അയാള്‍ എസ്.എഫ്.ഐ അല്ല, നക്‌സലേറ്റ് ആയിരുന്നു. ഒരുപാട് കേസുകളില്‍ ഉണ്ടായിരുന്ന ആളാണ്. പക്ഷേ ശാന്തനാണ്. ഡോ. സലിം അലിയുടെ പ്രഥമശിഷ്യനായിരുന്നു ഫൈസി. ആ ഫൈസിയാണ് ഇതിന്റെ ആവശ്യം ഞങ്ങളെ പഠിപ്പിക്കുന്നത്.

ശാസ്ത്രസാഹിത്യ പരീക്ഷിത്താണ് ഞങ്ങള്‍ക്ക് വേണ്ട് ഇന്‍ഗ്രീഡിയന്‍സ് തരുന്നത്. അതിന് വേണ്ടി ഒരു നോട്ടീസ് ഞാന്‍ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നോട്ടീസ് ബോര്‍ഡില്‍ വെച്ചു. സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെക്രട്ടറിയായി. എസ്.എഫ്.ഐ ആയിരുന്ന ഞാന്‍ അതില്‍ നിന്നും മാറി പാര്‍ട്ടിക്കെതിരെ നിന്ന് വിജയിച്ചു, പാര്‍ട്ടിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തി ആ സമരത്തെ ലീഡ് ചെയ്ത് ആളാണ് ഞാന്‍. അത് സിംഹവാലനെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.

അന്ന് ഇന്ദിരാഗാന്ധിക്ക് കത്തെഴുതി, അതിന് മറുപടിയും നേടി. സൈലന്റ് വാലിയെ ഒരു നാഷണല്‍ പാര്‍ക്കാക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. 1979ലാണ് ഞാന്‍ ഇത് എഴുതുന്നത്. 82 അവസാനം ഇന്ദിരാഗാന്ധി സൈലന്റ് വാലി നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു.

അപ്പോള്‍ ഈ സിംഹവാലന്‍ കുരങ്ങ് എന്റെ ഒരു ബ്രദേര്‍ലി ഫ്രണ്ടാണ്. സിംഹവാലന്‍ കുരങ്ങനും ഞാനും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍, എന്റെ അച്ഛനും അമ്മക്കും അമ്മക്കും ജനിച്ച ഞാനും എന്റെ അച്ഛനും അമ്മക്കും ജനിക്കാതെ പോയ എന്റെ സഹോദരനും എന്ന് മറുപടി എഴുതിയേനേ,’ സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Suresh Gopi is telling how his reaction would have been if he had seen the troll before Gokul

We use cookies to give you the best possible experience. Learn more