| Friday, 14th October 2022, 1:07 pm

സുരേഷ് ​ഗോപിയെ ഭാവി മുഖ്യമന്ത്രിയായാണ് കാണുന്നത്, മനുഷ്യത്വമുള്ള ആരെങ്കിലും വരട്ടെയെന്ന് പാര്‍ട്ടിക്ക് തോന്നിക്കാണും; രാമസിംഹൻ അബൂബക്കർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുരേഷ് ഗോപിയെ ബി.ജെ.പി കോർ കമ്മിറ്റി അം​ഗമായി തെരഞ്ഞെടുത്ത പാർട്ടി തീരുമാനത്തെ സ്വാ​ഗതം ചെയ്ത് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സുരേഷ് ​ഗോപിയെ ഭാവി മുഖ്യമന്ത്രിയായാണ് കാണുന്നതെന്നും മനുഷ്യത്വമുള്ള ആരെങ്കിലും വേണമെന്ന തോന്നലുകൊണ്ടാകും അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നും രാമസിംഹൻ പറഞ്ഞു.

റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സുരേഷ് ഗോപിയിലൂടെ പാർട്ടിയുടെ ഇപ്പോഴത്തെ മുരടിപ്പിൽ മോചനമുണ്ടാകുമെന്നും എല്ലാ പ്രവർത്തകരും അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നും രാമസിംഹൻ പറഞ്ഞു.

”അണികൾ അറിയാതെയുള്ള നീക്കങ്ങളും അണികളെ ഒതുക്കലും അവസാനിപ്പിക്കണമെന്നും മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയിൽ വേണമെന്നും കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകും. സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ ഞാൻ സന്തോഷിക്കുന്നു.

സുരേഷ് ഗോപിയിലൂടെ പാർട്ടിയുടെ ഇപ്പോഴത്തെ മുരടിപ്പിൽ മോചനമുണ്ടാകും. എല്ലാ പ്രവർത്തകരും അദ്ദേഹത്തിനൊപ്പമുണ്ടാകും.

സമൂഹം അംഗീകരിക്കുന്നവർ പാർട്ടി നേതൃത്വത്തിലേക്ക് വരണം. ചേരി തിരിഞ്ഞ് ഗ്രൂപ്പുകളായി പ്രവർത്തിക്കുന്നവർ അല്ല, മനുഷ്യന്റെ പ്രശ്‌നങ്ങൾ അറിയുന്നവർ നേതൃനിരയിലേക്ക് വരണം.

സിനിമയിൽ നിന്ന് എത്രയോ പേർ രാഷ്ട്രീയത്തിലെത്തി രാജ്യം ഭരിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് വന്നത് കൊണ്ട് രാജ്യം ഭരിക്കാൻ പറ്റില്ലെന്ന് പറയാൻ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങൾ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. ഭാവിയിലൊരു മുഖ്യമന്ത്രിയായാൽ എന്താണ് കുഴപ്പമുള്ളത്. ഞങ്ങൾ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂരിൽ ഒരു വർഷം കിട്ടിയിരുന്നെങ്കിൽ അദ്ദേഹം എം.പിയോ എം.എൽ.എയോ ആയി മാറിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര നിർദേശപ്രകാരമാണ് സുരേഷ് ഗോപിയെ ബി.ജെ.പി കോർ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്. അതേസമയം കീഴ്‌വഴക്കം മറികടന്നാണ് ഇദ്ദേഹത്തിന് ഔദ്യോഗിക ചുമതല നൽകിയതെന്നും ഇത് അസാധാരണ നടപടിയാണെന്നും ആരോപണമുണ്ട്.

പ്രസിഡന്റ്, മുൻ പ്രസിഡന്റ്, ആർ.എസ്.എസിന്റെ പിന്തുണയുള്ള സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവരാണ് സാധാരണയായി കോർ കമ്മിറ്റി അംഗങ്ങളാകാറുള്ളത്.

സുരേഷ് ഗോപിയെ മുന്നിൽ നിർത്തി കേരളത്തിലെ ബി.ജെ.പിയെ വളർത്തണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് റിപ്പോർട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബി.ജെ.പിയുടെ നീക്കമാണിതെന്നും വിലയിരുത്തലുകളുണ്ട്.

ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവുമുയർന്ന ബോഡിയാണ് കോർ കമ്മിറ്റി.

Content Highlight: Suresh Gopi is seen as a future Chief Minister, if he had a year in Thrissur he would have become MP or MLA; Ramasimhan Abubakar

We use cookies to give you the best possible experience. Learn more