ദുബായ്: തൃശൂരില്‍ ഇത്തവണ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് ഗോപി. ജനങ്ങളുടെ പള്‍സ് തനിക്ക് മനസിലായെന്നും ഒരു വോട്ടിനെങ്കിലും ജയിപ്പിക്കണേ എന്നാണ് അഭ്യര്‍ത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു. ഗരുഡന്‍ സിനിമയുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തൃശ്ശൂരില്‍ ഇത്തവണ ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. മത്സരിക്കാനാണ് വന്നിരിക്കുന്നത്. ജനങ്ങള്‍ തീരുമാനിക്കട്ടെ. ജനങ്ങളുടെ തീരുമാനത്തിന്റെ ഒരു ഏകദേശ രൂപം കിട്ടിയിട്ടുണ്ട്. പള്‍സ് എന്ന് പറയും. അത് കിട്ടിയിട്ടുള്ളതുകൊണ്ട് ഒരു വിശ്വാസമുണ്ട്, ജയിക്കും. ഒരു വോട്ടിനായാലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നുള്ള അഭ്യര്‍ത്ഥനയാണ്. ഒരു വോട്ടിന്റെ ഭൂരിപക്ഷം മതി,’ സുരേഷ് ഗോപി പറഞ്ഞു.
ബിനീഷ് കോടിയേരി, ദിലീപ്, സ്വപ്ന സുരേഷ് എന്നിവരുടെ കാര്യത്തിലെല്ലാം കോടതി തീരുമാനിക്കുന്നതാണ് നീതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ബിനീഷ് കോടിയേരി, ദിലീപ്, സ്വപ്ന സുരേഷ് എന്നിവരുടെ കാര്യത്തിലെല്ലാം കോടതി തീരുമാനിക്കട്ടെ എന്നാണ് ഞാന്‍ പറഞ്ഞത്. അതാണ് നീതി. ഇന്ന് മലയാള സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് വേറിട്ട രീതിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് മമ്മൂട്ടി മാത്രമാണ്.
ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഞാന്‍ വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തി പിന്നീട്, കാവല്‍, പാപ്പന്‍, മേം ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നല്ല ചിത്രങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത ഒരിക്കലും ഒരു താരത്തില്‍ നിന്ന് ആവശ്യപ്പെടാനാകില്ല,’ സുരേഷ് ഗോപി പറഞ്ഞു.
Content Highlight: Suresh Gopi hopes to win this time in Thrissur