‘വെള്ളിമൂങ്ങ സംവിധായകന്‍’ ജിബു ജേക്കബ് സുരേഷ് ഗോപിയെ നായകനാക്കി ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം മേ ഹൂം മൂസ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
രാത്രികാലങ്ങളില്‍ ഉറങ്ങുന്നതിന് മുമ്പായി വാര്‍ത്തകളും ടെലിവിഷന്‍ ചര്‍ച്ചകളും കാണാറില്ലെന്നും കോമഡി പരിപാടികള്‍ കണ്ടുകൊണ്ടാണ് താന്‍ ഉറങ്ങാറുള്ളതെന്നും പറയുകയാണ് സുരേഷ് ഗോപി. മീഡിയ വണ്ണിന് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”ഒരുപാട് വിഷയങ്ങളുണ്ടാകും. ഒരുപാട് ടെന്‍ഷനും കോളുകളും ആള്‍ക്കാരുടെ ആവശ്യങ്ങളുമൊക്കെ, പ്രത്യേകിച്ച് കൊവിഡ് കാലത്ത്. അപ്പോഴാണ് ഞാന്‍ പുതിയ ജനറേഷനിലെ കോമഡി സ്‌കിറ്റ് നടീനടന്മാരെ കാണുന്നത്. ഇവര് കോമഡി ചെയ്യുന്നത് കണ്ടിട്ട് സത്യത്തില്‍ കൊതിയായിട്ടുണ്ട്.
സത്യം പറഞ്ഞാല്‍ ഇത്രയും ടെന്‍ഷന്റെ ഇടയ്ക്ക് രാത്രി ഒരു പത്തര പതിനൊന്ന് മണിയാകുമ്പോള്‍ കട്ടിലില്‍ വന്ന് കമിഴ്ന്ന് കിടന്ന് ഈ കോമഡി വീഡിയോകള്‍ മുഴുവന്‍ ഫേസ്ബുക്കിലെടുത്ത് കാണും. രാത്രി കാലങ്ങളില്‍ ഇതെന്റെ ഫീഡില്‍ വന്ന് കിടക്കുകയും ചെയ്യും. എല്ലാം കാണും, സന്തുഷ്ടമാകും ഉറക്കം.
ആലുവയിലെ ശ്രീനാരായണ മിഷനിലെ എന്റെ ഗുരുസ്ഥാനീയനായ ഒരു സ്വാമി പറഞ്ഞിട്ടുണ്ട്, ഈ വാര്‍ത്തകളും ടെലിവിഷന്‍ ചര്‍ച്ചയിലെ തമ്മില്‍ത്തല്ലും അലോഹ്യങ്ങളുമൊന്നും കണ്ട് ഉറങ്ങാന്‍ കിടക്കരുത്, എന്ന്.
അങ്ങനെയാണ് 2004ല്‍ ഞാന്‍ എന്റെ ബെഡ്‌റൂമില്‍ നിന്ന് ടി.വിയെടുത്ത് വെളിയിലേക്ക് കൊണ്ടെറിയുന്നത്. ഇപ്പോള്‍ ബെഡ്‌റൂമില്‍ ടി.വിയില്ല.
ഇപ്പോള്‍ ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ ബെഡ് സൈഡില്‍ ടി.വിയുണ്ടെങ്കില്‍ ഞാന്‍ അതിന്റെ റിമോട്ട് എടുത്ത് അപ്പുറത്തെ ടി.വിയുടെ ചുവട്ടില്‍ കൊണ്ടുപോയി വെക്കും. അത് ഓണ്‍ ചെയ്യില്ല. കാണുകയേ ഇല്ല.
ആ അലോഹ്യം കണ്ടല്ല കിടന്നുറങ്ങേണ്ടത്. നിങ്ങളൊരിക്കലും ഉറങ്ങില്ല എന്നാണ് പറയുന്നത്. ജഗദീഷിന്റെയും മുകേഷിന്റെയും നല്ല ചിരിപ്പിക്കുന്ന കോമഡിയുണ്ടെങ്കില്‍ അത് കണ്ടിട്ട് കിടന്നുറങ്ങണം എന്നാണ് സ്വാമി എന്നോട് പറഞ്ഞത്.
ഇതാണ് എന്റെ പീസ്ഫുള്‍ സ്ലീപ്,” സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, മേ ഹൂം മൂസയിലെ ഇസ്‌ലാമോഫോബിക്- സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായി വിമര്‍ശനവും ഉയരുന്നുണ്ട്. സൈജു കുറുപ്പ്, ശ്രിന്ദ, ഹരീഷ് കണാരന്‍, പൂനം ബജ്‌വ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
Content Highlight: Suresh Gopi he threw away television from his bedroom because he hates news debates