| Friday, 4th December 2020, 11:52 am

എതിര്‍സ്ഥാനാര്‍ത്ഥികള്‍ 'മലിനം', എല്‍.ഡി.എഫും യു.ഡി.എഫും തുലയും; വിദ്വേഷ പ്രസംഗവുമായി സുരേഷ് ഗോപി; വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി.

ആറ്റിങ്ങലില്‍ നടന്ന ബി.ജെ.പി യോഗത്തിലായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥികളെ മലിനം എന്ന് വിളിച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്.

‘അത്രക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. അവരെ സ്ഥാനാര്‍ത്ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍ ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും. ഈ 31 പേരെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം’, എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

വോട്ടര്‍മാര്‍ ഈ അവസരം കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും വരില്ലെന്നും രണ്ടും തുലയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘നിങ്ങള്‍ വിചാരിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തില്‍ ഉണ്ടാവുക. സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറന്നേക്കൂ. എല്ലാ വാര്‍ഡുകളിലും ബി.ജെ.പി ജയിച്ചു വരും. എല്ലാ വാര്‍ഡുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ ഒട്ടും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

2015ലെ തെരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്നുകൂടിയത്. അവരുടെ നടു ഒടിക്കാന്‍ ശ്രമിച്ചു. തിരിച്ച് ഒടിച്ചില്ല. പക്ഷെ ഒടിച്ചവന്മാരുടെയെല്ലാം നടു ഒടിഞ്ഞ് കിടക്കുകയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്താല്‍ കേരളത്തിലെ നിയമസഭയും മന്ത്രിസഭയും സെക്രട്ടറിയേറ്റും പിടിച്ചെടുക്കുന്നതിന് തുല്യമാണ്. കേരളത്തിലെ ജനങ്ങള്‍ക്കുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം സുരേഷ് ഗോപിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഇത്തരക്കാര്‍ പേറുന്നത് എന്നും എതിര്‍ പാര്‍ട്ടിയിലുള്ളവരെ സഭ്യമായ ഭാഷയില്‍ വിശേഷിക്കാന്‍ ഇവര്‍ക്ക് ഒരു കാലത്തും കഴിഞ്ഞിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്ത് എല്‍.ഡി.എഫിനെ അട്ടിമറിച്ച് ഇത്തവണ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. സുരേഷ് ഗോപി അടക്കമുളളവരെ പ്രചരണത്തിനിറങ്ങി വോട്ടുതേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suresh Gopi Hate speech On Local Body Election Thiruvananthapuram

We use cookies to give you the best possible experience. Learn more