എനിക്ക് കുറച്ച് സമാധാനം തരൂ, കേരളത്തില്‍ എയിംസ് വന്നില്ലെങ്കില്‍ രാജിവെക്കും: സുരേഷ് ഗോപി
Kerala News
എനിക്ക് കുറച്ച് സമാധാനം തരൂ, കേരളത്തില്‍ എയിംസ് വന്നില്ലെങ്കില്‍ രാജിവെക്കും: സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2024, 8:52 pm

തിരുവനന്തപുരം: കേരളത്തില്‍ എയിംസ് വന്നില്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങള്‍ തന്നോട് കരുണ കാണിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. മനോരമ കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം.

‘എയിംസ് വന്നില്ലെങ്കില്‍ രാജിവെക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ എയിംസ് വരും. അതിനായി സംസ്ഥാന സര്‍ക്കാര്‍ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കണം. എന്നിട്ടും പദ്ധതി നടപ്പിലായില്ലെങ്കില്‍ ഞാന്‍ രാജിവെക്കും,’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും എയിംസിന്റെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങളെ ജനങ്ങളുടെ ശബ്ദമായി കാണുന്നില്ല. ന്യായമായ കാര്യങ്ങള്‍ക്കല്ലാതെ സമീപിച്ചാല്‍ താന്‍ ഒരു പച്ചമനുഷ്യന് സമാനമായ നിലപാടെ സ്വീകരിക്കുകയുള്ളുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സി.പി.ഐ.എം എം.എല്‍.എ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ വന്നതില്‍ പ്രതികരണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരെ സുരേഷ് ഗോപി കൈയേറ്റം ചെയ്തിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയുമുണ്ടായി. താരസംഘടനായ അമ്മയോട് സഹാനുഭൂതിയിലെന്നും അത് മാധ്യമസൃഷ്ടിയാണെന്നും സുരേഷ് ഗോപി കോണ്‍ക്ലേവില്‍ പറയുകയുണ്ടായി.

മുഴുവന്‍ സമയവും രാഷ്ട്രീയ പ്രവര്‍ത്തകനായിരിക്കാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി കോണ്‍ക്ലേവിന്റെ സമാപന സമ്മേളനത്തില്‍ പറഞ്ഞു. സിനിമയില്‍ തുടരണമോ എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമ തന്റെ വരുമാനമാര്‍ഗമാണെന്നും ഇതില്‍ നിര്‍മാതാക്കള്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ബിസ്മി ചൊല്ലിയിരുന്നു. എന്നാല്‍ അത് ആരും കേട്ടില്ല, പകരം ഗുരുവായൂരപ്പാ എന്ന് വിളിച്ചത് മാത്രമേ മൈക്കിലൂടെ കേട്ടുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തി എന്നത് നമ്മുടെ ചോരയില്‍ ഉള്ളതാണെന്നും അത് ഡി.എന്‍.എയുടെ ഭാഗമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് ദേശീയ പതാക കൈയിലേന്തി വരുന്ന സുരേഷ് ഗോപിയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ വീഡിയോക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും സഹമന്ത്രി മറുപടി നല്‍കി.

‘ഒരു കുട്ടി കൈയില്‍ ദേശീയ പതാക തന്നു, അത് ചുരുട്ടിക്കൊണ്ടുപോകാന്‍ കഴിയുമോ? പതാക ചുരുട്ടിയാല്‍ ട്രോളുകള്‍ പിന്നെ എന്ത് പറയും,’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Content Highlight: Union Minister of State Suresh Gopi has said that if AIIMS does not come to Kerala, he will stop his political activities