ഭരണഘടനയെ നിങ്ങള്‍ എത്രമാത്രം മതിക്കുന്നുവെന്ന് നേരത്തെ അറിയാം: മീഡിയ വണ്‍ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് സുരേഷ് ഗോപി
Kerala News
ഭരണഘടനയെ നിങ്ങള്‍ എത്രമാത്രം മതിക്കുന്നുവെന്ന് നേരത്തെ അറിയാം: മീഡിയ വണ്‍ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2024, 11:03 am

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് സുരേഷ് ഗോപി. മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ഇടയില്‍ തന്നോട് ചോദ്യം ചോദിച്ച മീഡിയ വണിന്റെ മാധ്യമപ്രവര്‍ത്തകനോടാണ് സുരേഷ് ഗോപി കയര്‍ത്തത്.

എട്ട് വകുപ്പുകളില്‍ ഇടപ്പെടാന്‍ കഴിയുന്ന സ്ഥാനം വേണമെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോയെന്നും ഇപ്പോള്‍ സഹമന്ത്രി സ്ഥാനം മാത്രമാണല്ലോ കിട്ടുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുകയായിരുന്നു. സഹമന്ത്രി സ്ഥാനം പോലും വേണ്ടെന്നാണ് താന്‍ പറയുന്നതെന്നായിരുന്നു അതിന് സുരേഷ് ഗോപി നല്‍കിയ മറുപടി.

അദ്ദേഹം തന്നെയായിരുന്നു മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ഇടയില്‍ ‘പോലും’ എന്ന വാക്ക് പ്രയോഗിച്ചത്. ഒടുവില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന്‍ മീഡിയ വണില്‍ നിന്നാണെന്ന് അറിഞ്ഞതോടെ അതിന്റെ പേരില്‍ കയര്‍ക്കുകയായിരുന്നു. ഭരണഘടനയെ നിങ്ങള്‍ എത്രമാത്രം മതിക്കുന്നുവെന്ന് നേരത്തെ അറിയാമെന്നും അത് ഇപ്പോള്‍ ഒന്നുകൂടെ ഉറപ്പിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

‘അതെന്താണ് നിങ്ങള്‍ പോലുമെന്ന് പറയുന്നത്? മീഡിയ വണ്‍ ആണല്ലേ. വളരെ നന്നായി. ഭരണഘടനയെ നിങ്ങള്‍ എത്രമാത്രം മതിക്കുന്നുവെന്ന് നമുക്ക് നേരത്തെ അറിയാം. അത് ഇപ്പോള്‍ ഒന്നുകൂടെ ഉറപ്പിച്ചു,’ സുരേഷ് ഗോപി പറഞ്ഞു.

തന്റെ ചോദ്യത്തില്‍ എന്താണ് പ്രശ്‌നമെന്നും എപ്പോഴാണ് താന്‍ പോലുമെന്ന വാക്ക് ഉപയോഗിച്ചതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചതോടെ സഹമന്ത്രി സ്ഥാനത്തിന് എന്താണ് കുഴപ്പമെന്ന് തിരിച്ച് ചോദിച്ച് സുരേഷ് ഗോപി കയര്‍ക്കുകയായിരുന്നു.

സഹമന്ത്രിയാകുമ്പോള്‍ എട്ട് വകുപ്പില്‍ ഇടപ്പെടാന്‍ കഴിയുമോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് എം.പിക്ക് എല്ലാ വകുപ്പിലും ഇടപ്പെടാന്‍ കഴിയും എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നിങ്ങള്‍ ആദ്യം ചോദിച്ച ചോദ്യം റീ-പ്ലേ ചെയ്ത് കണ്ടോളൂവെന്നും ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

അതേസമയം സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള സൗകര്യം പരിഗണിച്ചാണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതെന്നാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന വിശദീകരണം. ദല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോള്‍ സിനിമകള്‍ക്ക് കരാറില്‍ ഒപ്പിട്ട കാര്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു.

Content Highlight: Suresh Gopi Got Angry At Media One Journalist