തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ നടന്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രഥത്തില്‍ പൊലീസ് ജീപ്പിടിച്ചതായി പരാതി.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഭാഗത്ത് പര്യടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
അപകടം നടക്കുമ്പോള്‍ സുരേഷ് ഗോപി രഥത്തില്‍ ഉണ്ടായിരുന്നില്ല. രഥമില്ലാത്തതിനാല്‍ ഇന്നലെ തുറന്ന ജീപ്പില്‍ കുടപിടിച്ചാണ് സുരേഷ് ഗോപി ഗുരുവായൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തിയതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
അമിത വേഗതയിലെത്തിയ പൊലീസ് ജീപ്പ് രഥത്തില്‍ ഇടിക്കുകയായിരുന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പൊലീസ് വാദം.
കഴിഞ്ഞ ദിവസം തൃശൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്ക് നെറ്റിപ്പട്ടം ചാര്‍ത്തി തരൂവെന്നും തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകുമെന്നുള്ള സുരേഷ് ഗോപിയുടെ പ്രസംഗം വൈറലായിരുന്നു.
തൃശൂര്‍ മണ്ഡലത്തില്‍ വിജയിച്ചേ തീരുവെന്നും തൃശൂരില്‍ ജീവിച്ചുകൊണ്ട് തന്നെ തൃശൂരിനെ സേവിക്കുമെന്നും
സുരേഷ് ഗോപി പറഞ്ഞിരുന്നു.
അവസാന നിമിഷം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് താനെന്നും 17 ദിവസം മാത്രമാണ് പ്രചരണത്തിനായി ലഭിച്ചതെന്നും ഈ ദിവസംകൊണ്ട് എങ്ങനെ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി പറഞ്ഞത് ഞാനുണ്ട് കൂടെയെന്നാണെന്നും പ്രസംഗത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു.