| Sunday, 27th March 2016, 10:51 am

ബി.ജെ.പിക്ക് സുരേഷ് ഗോപി അനുവദിച്ചത് അഞ്ചുദിവസം; സഞ്ചാരം ഹെലികോപ്റ്ററില്‍, ശ്രീശാന്തിന് അരദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും ബി.ജെ.പിക്കുവേണ്ടി പ്രചരണ രംഗത്തിറങ്ങാന്‍ തീരുമാനിച്ച് സുരേഷ് ഗോപി. എന്നാല്‍ സിനിമയ്ക്കു ഡേറ്റു നല്‍കുന്നത് പോലെയാണ് സുരേഷ് ഗോപി പ്രചരണത്തിനു സമയം അനുവദിച്ചിരിക്കുന്നത്.

അഞ്ചുദിവസമാണ് സുരേഷ് ഗോപി പ്രചരണത്തിനുണ്ടാവുക. നാല്‍പ്പതു മണ്ഡലങ്ങളില്‍ പ്രചരണത്തിനുണ്ടാവും. സുരേഷ് ഗോപിക്കുവേണ്ടി പ്രത്യേക ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.

ചൂട് രൂക്ഷമായതിനാല്‍ ജില്ലകള്‍ തോറും സഞ്ചരിക്കുന്നതിനു ശാരീരികമായി ബുദ്ധിമുട്ടുണ്ടെന്നു നേതൃത്വത്തെ അറിയിച്ചിരുന്നതായി സുരേഷ് ഗോപി പറയുന്നു. തിരുവനന്തപുരത്ത് മത്സരിക്കുന്ന ശ്രീശാന്തിനുവേണ്ടി പ്രചരണത്തിനായി അരദിവസമാണ് സുരേഷ് ഗോപി അനുവദിച്ചത്.

തിരുവനന്തപുരത്ത് സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഈ മണ്ഡലത്തിലേക്കു പരിഗണിച്ചത്.

ചലച്ചിത്രതാരം ഭീമന്‍ രഘുവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. പത്തനാപുരത്താണ് ഭീമന്‍ രഘു മത്സരിക്കുന്നത്. ഭീമന്‍ രഘുവിന്റേതും ശ്രീശാന്തിന്റേതുമടക്കം 51 പേരുടെ രണ്ടാം പട്ടികയ്ക്ക് ബി.ജെ.പി കേന്ദ്രനേതൃത്വം കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു.

സുരേഷ് ഗോപിക്കു പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരും പ്രചരണരംഗത്ത് സജീവമായുണ്ടാവും.

We use cookies to give you the best possible experience. Learn more