മാധ്യമ പ്രവർത്തകർക്ക് മറുപടി നൽകാൻ സൗകര്യമില്ല; വീണ്ടും ഭരത്ചന്ദ്രൻ കളിച്ച് സുരേഷ്‌ ഗോപി
Kerala News
മാധ്യമ പ്രവർത്തകർക്ക് മറുപടി നൽകാൻ സൗകര്യമില്ല; വീണ്ടും ഭരത്ചന്ദ്രൻ കളിച്ച് സുരേഷ്‌ ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2024, 2:09 pm

തൃശൂർ: പൂരനഗരിയിൽ ആംബുലൻസിൽ എത്തിയെന്ന വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കേന്ദ്ര സഹ മന്ത്രി സുരേഷ്‌ഗോപി. മാധ്യമപ്രവർത്തകരോട് മറുപടി നൽകാൻ സൗകര്യമില്ലെന്ന് കയർത്തുകൊണ്ട് അദ്ദേഹം പോവുകയായിരുന്നു.

തങ്ങൾ കേന്ദ്ര മന്ത്രിയോടാണ് ചോദ്യം ചോദിച്ചതെന്നും മറുപടി വേണമെന്നും ആവശ്യപ്പെട്ട മാധ്യമപ്രവർത്തകരോട് നിങ്ങൾക്ക് മറുപടി നൽകാൻ സൗകര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

തന്റെ വഴി മുടക്കരുതെന്നും മൈക്ക് മുന്നിൽ നിന്ന് മാറ്റാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. പൊലീസ് എന്തിനാണ് നിൽക്കുന്നതെന്നും തന്റെ വഴി തടയുന്നവരെ മാറ്റാനും അദ്ദേഹം ആവശ്യപ്പെടുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം.

ആംബുലൻസിൽ തൃശൂർപൂര നഗരിയിൽ പോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞതിന് പിന്നാലെയാണ് വിവാദമാണ് ഉയർന്നത്. ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

പൂരനഗരിയിലേക്ക് താൻ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ ചേലക്കരയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞിരുന്നു. ബി.ജെ.പി ജില്ലാ അധ്യക്ഷൻ്റെ കാറിലാണ് പോയതെന്നും ആംബുലൻസിൽ പോയി എന്നത് മായക്കാഴ്ചയാകാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നത്. കെ. സുരേന്ദ്രൻ പറയുന്നതുപോലെ താൻ പൂരപ്പറമ്പിൽ എത്തിയത് ആംബുലൻസിലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ പൂരനഗരിയിലേക്ക് ആംബുലൻസിൽ എത്തിയില്ല എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ രംഗത്തെത്തിയിരുന്നു.

സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ എത്തിയത് തന്റെ കാറിലാണെന്നും പിന്നീട് സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണ് എന്നും അനീഷ് പറഞ്ഞു. സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ കൊണ്ടുവന്നുവെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അനീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

 

Content Highlight: Suresh Gopi did not respond to media persons