തൃശൂര്‍: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറെ ആഘോഷിക്കപ്പെട്ട പരാമര്‍ശമായിരുന്നു സുരേഷ് ഗോപിയുടെ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ എന്നുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായ സുരേഷ് ഗോപിയുടെ പരാമര്‍ശവുമായിരുന്നു അത്.
ഇത്തവണ തൃശ്ശൂര്‍ നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയോട് ഇതേ ചോദ്യം മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, തൃശ്ശൂര്‍നിങ്ങള്‍ തരിക എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നാല്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് സമ്മതമല്ലായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
എന്നാല്‍ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം മത്സരിക്കാന്‍ അദ്ദേഹത്തിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി മത്സരരംഗത്ത് സജീവമാകുന്നത്.
പ്രചരണ രംഗത്തേക്ക് സജീവമാകാനൊരുങ്ങുന്ന സുരേഷ് ഗോപി സര്‍ക്കാരിനെതിരെ ശബരിമല വിഷയത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
”ശബരിമല ഒരു പ്രചാരണ വിഷമയമല്ല അത് വികാര വിഷയമാണ്. ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍. എല്ലാവര്‍ക്കും ആ ഭയപ്പാടുണ്ട്. ക്രിസ്തീയ സഭകളിലും ഭയമുണ്ട്. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ എടുത്ത് ഒരു ആയുധമാക്കികൊണ്ട് എന്താണ് കാണിച്ചതെന്നും എല്ലാവര്‍ക്കും അറിയാം. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യ രീതിയില്‍ തന്നെ വകവരുത്തണം,” സുരേഷ് ഗോപി പറഞ്ഞു.
ശബരിമല ഉയര്‍ത്തിക്കൊണ്ടുള്ള പ്രചാരണം തന്നെയായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നടത്തിയത്.