ഗര്‍ഭിണികളോടുള്ള എന്റെ ആദരവാണത്; അനുഭവിച്ചത് മാനസിക സൗഖ്യം; വിമര്‍ശിക്കുന്നവര്‍ പോയി പണിനോക്കട്ടെയെന്നും സുരേഷ് ഗോപി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തൊട്ട ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ നടപടി കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
കരുണ നിറഞ്ഞ പ്രവൃത്തിയെന്ന് പറഞ്ഞ് ചിലര്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ കടുത്ത വിമര്‍ശനവും അധിക്ഷേപവുമായി മറ്റുചിലരും രംഗത്തെത്തി. വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തിയിരിക്കുയാണ്.
താന്‍ ഇനിയും ഇങ്ങനെ തന്നെ ആയിരിക്കുമെന്നും ഗര്‍ഭിണികളോടുള്ള തന്റെ ആദരവാണ് അതിലൂടെ കാണിച്ചതെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി.
”ഞാന്‍ ഇനിയും ഇങ്ങനെ തന്നെയായിരിക്കും. ഇതാണ് ഞാന്‍. ഒരു ഗര്‍ഭിണിയെ കണ്ടാല്‍ എന്റെ ഒരു വലിയ ആദരവാണ് അത്. ആ കുഞ്ഞിനെ ഞാന്‍ തൊട്ടപോലെയാണ്. എനിക്ക് ഒരു ഭയങ്കരമായ മാനസിക സൗഖ്യം ഉണ്ടാവും”- സുരേഷ് ഗോപി പറഞ്ഞു.
തനിക്ക് വേണ്ടി വോട്ട് ചോദിച്ചതിന്റെ പേരില്‍ ബിജു മേനോനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയും താരം രംഗത്തെത്തി. തനിക്ക് വേണ്ടി വോട്ട് ചോദിക്കുക എന്നത് ബിജു മേനോന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍””ബിജുമേനോന്‍ എന്റെ പ്രചരണത്തിന് വന്നിട്ടില്ല. അത് അവന്റെ ഉത്തരവാദിത്തമാണ്. അവന്റെ നാട്ടില്‍,… എന്റെ കൂടെ എത്രയോ സിനിമകളില്‍ അഭിനയിച്ച ആളാണ്. ഞാന്‍ എങ്ങനെയാണ് നവാഗതനായ ബിജുമേനോനെ സ്‌നേഹിച്ചിട്ടുള്ളത്, പിന്തുണച്ചിട്ടുള്ളത് എന്ന വിലയിരുത്തല്‍ ബിജു മേനോന്‍ നടത്തി, നന്ദി കേട് ബിജു മേനോന് കാണിക്കാന്‍ തോന്നിയില്ല. ”- എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഇന്നലെ ഇന്നെസെന്റിന്റെ പരിപാടിയ്ക്ക് മമ്മൂട്ടി വന്നല്ലോ എന്ന ചോദ്യത്തിന് അതില്‍ വിമര്‍ശിക്കുന്നവരോടൊക്കെ പോയി പണി…എന്ന് പറഞ്ഞ് വാക്കുകള്‍ മുറിക്കുകയായിരുന്നു സുരേഷ് ഗോപി.
തൃശൂരില്‍ വിജയം സുനിശ്ചിതമാണെന്നും ഇത് താന്‍ പറയുന്നതല്ല മറിച്ച് ചെല്ലുന്ന ഇടങ്ങളില്‍ നിന്നുള്ള ഫീഡ് ബാക്കാണെന്നും സുരേഷ് ഗോപി പറഞ്ഞു.” 15 ദിവസം എല്ലാവരും പ്രവര്‍ത്തിച്ചു കഴിഞ്ഞ ശേഷം അവസാനം വരിക. ഈശ്വരാനുഗ്രഹത്തിന് എല്ലാവര്‍ക്കും പരിയമുള്ള മുഖം പരിചയമുള്ള ഹൃദയം, പരിചയമുള്ള മനുഷ്യന്‍ എന്നൊക്കെയുള്ള ഘടകങ്ങള്‍ ഒരു പക്ഷേ ആദ്യം തന്നെ മറ്റുള്ളവരുടെ കൂട്ടത്തില്‍ എന്നെ നിര്‍ത്തിയിട്ടുണ്ടാകും.
രണ്ട് സ്ഥാനാര്‍ത്ഥികളും മികച്ചവര്‍ തന്നെയാണ്. ഞാന്‍ മുന്നില്‍ വെച്ചത് 3 വര്‍ഷത്തെ പാര്‍ലമെന്റംഗം എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളാണ്. അത് ജനങ്ങള്‍ക്ക് മനസിലാകും. തൃശൂരില്‍ താമസിക്കാനുള്ള സ്ഥലം നോക്കിക്കൊണ്ടിരിക്കുകയാണെന്നും തൃശൂരുകാര്‍ തനിക്കൊപ്പം നില്‍ക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.