| Tuesday, 5th March 2024, 11:21 am

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാതാവിന് 10 ലക്ഷം രൂപയുടെ കിരീടം, വൈരക്കല്ലും പതിപ്പിക്കും: സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കുമെന്നും അതിലൊരു വൈരക്കല്ല് പതിപ്പിക്കുമെന്നും ബി.ജെ.പി നേതാവ് സുരേഷ് ഗോപി.

തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. പ്രചാരണത്തിന്റെ ഭാഗമായ റോഡ് ഷോക്കിടയിലാണ് കിരീട വിവാദത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം.

തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് എങ്ങനെയാണോ ഉണ്ടാക്കേണ്ടത് അങ്ങനെ തന്നെയാണ് ഉണ്ടാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.അത് ഓഡിറ്റ് ചെയ്യാൻ മറ്റു പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളത് എന്നും അദ്ദേഹം ചോദിച്ചു.

മാതാവ് കിരീടം സ്വീകരിക്കുമെന്നും താൻ കിരീടം നൽകിയതിൽ വിശ്വാസികൾക്ക് പ്രശ്നമില്ലെന്നും ബി.ജെ.പി നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മകളുടെ വിവാഹത്തിന് മുന്നോടിയായിട്ടായിരുന്നു ജനുവരി 15ന് തൃശൂർ ലൂർദ് പള്ളിയിലേക്ക് ബി.ജെ.പിയുടെ തൃശൂർ ലോക്സഭാ സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി കിരീടം സമർപ്പിച്ചത്. കിരീടം അഞ്ച് പവനോളം വരുമെന്നായിരുന്നു വാർത്തകൾ.

എന്നാൽ സുരേഷ് ഗോപി നൽകിയത് ചെമ്പിൽ സ്വർണം പൂശിയ കിരീടം ആണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് കിരീടത്തിൽ എത്ര സ്വർണം ഉണ്ടെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ലീല വർഗീസും രംഗത്തെത്തിയിരുന്നു.

തുടർന്ന് കിരീടത്തിലെ സ്വർണ്ണത്തിന്റെ തൂക്കം അറിയാൻ പള്ളി അധികാരികൾ അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. വരുംകാല ഇടവക പ്രതിനിധികൾ കിരീടം പരിശോധിക്കുകയും അപാകത കണ്ടെത്തുകയും ചെയ്യുന്ന പക്ഷം ഇപ്പോഴത്തെ ട്രസ്റ്റിമാർക്കെതിരെ ആരോപണമുന്നയിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ തീരുമാനിച്ചത്.

ഭാവിയിലെ പ്രശ്നങ്ങൾ തടയാൻ കിരീടത്തിലെ സ്വർണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തുമെന്നും തുടർന്ന് വിഷയത്തിൽ മറുപടി നൽകാമെന്നും പള്ളി വികാരി അറിയിച്ചു.

Content Highlight: Suresh Gopi claims he will give 10 lakhs worth crown after winning election

We use cookies to give you the best possible experience. Learn more