|

രാജ്യസഭയില്‍ മമ്മൂട്ടിയെയും വെല്ലുവിളിച്ച് സുരേഷ് ഗോപി; കേന്ദ്രമന്ത്രിയാണെങ്കിലും ഗൗരവത്തിലെടുക്കേണ്ടെന്ന് ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടനും കൈരളി ചാനല്‍ ചെയര്‍മാനുമായ മമ്മൂട്ടിയെ വെല്ലുവിളിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജ്യസഭയില്‍ ഇന്നലെ (വ്യാഴം) നടന്ന വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചക്കിടെയാണ് മമ്മൂട്ടിയെ സുരേഷ് ഗോപി വെല്ലുവിളിച്ചത്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടി.പി 51 വെട്ട് എന്നീ സിനിമകള്‍ പ്രക്ഷേപണം ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് ചോദ്യമുയര്‍ത്തിയാണ് സുരേഷ് ഗോപി വെല്ലുവിളി നടത്തിയത്.

കൈരളി ടി.വിയുടെ മാനേജിങ് ഡയറക്ടറും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസും ചെയര്‍മാനായ മമ്മൂട്ടിയും തന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണോ എന്നായിരുന്നു സുരേഷ് ഗോപിയുടെ രണ്ടാമത്തെ ചോദ്യം. മേല്‍പ്പറഞ്ഞ രണ്ട് ചിത്രങ്ങളും കേരളത്തിലെ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന സിനിമകളായിരുന്നു.

മമ്മൂട്ടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു സഹമന്ത്രിയുടെ വെല്ലുവിളി. ശേഷം താന്‍ അദ്ദേഹത്തിന്റെ പേര് പറയുന്നില്ലെന്നും മലയാളത്തിലെ പ്രമുഖനായ നടനാണ് കൈരളിയുടെ ചെയര്‍മാനെന്നും അദ്ദേഹം കുലീനനായ ഒരു വ്യക്തിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. എമ്പുരാന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ സഭയിലെ ആക്രോശം.

സി.പി.ഐ.എം രാജ്യസഭാ എം.പി കൂടിയായ ജോണ്‍ ബ്രിട്ടാസ് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ബി.ജെ.പി ബെഞ്ചില്‍ എമ്പുരാനിലെ മുന്നയുണ്ടെന്നും തൃശൂര്‍കാര്‍ക്ക് ഒരു തെറ്റുപറ്റി ആ തെറ്റ് കേരളം വൈകാതെ തിരുത്തുമെന്നുമാണ് ബ്രിട്ടാസ് പറഞ്ഞത്. ആരെയും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അത് തുടരുമെന്നും ബ്രിട്ടാസ് സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗ്രഹാം സ്റ്റെയിന്‍സിനെ നിങ്ങള്‍ ചുട്ടു കൊന്നില്ലേയെന്നും ഭവനരഹിതരായ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കാന്‍ കഴിയുമെങ്കില്‍ മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്ന് പ്രകോപിതനായ സുരേഷ് ഗോപി, മുഖ്യമന്ത്രി പിണറായി വിജയേനെയും ബ്രിട്ടാസിനെയും മമ്മൂട്ടിയെയും വെല്ലുവിളിക്കുകയായിരുന്നു.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടി.പി 51 വെട്ട് എന്നീ സിനിമകള്‍ സ്‌ക്രീന്‍ ചെയ്യാന്‍ അനുമതി നല്‍കിയ ശേഷം എമ്പുരാനെ കുറിച്ച് സംസാരിക്കാമെന്നുമാണ് സുരേഷ് ഗോപി സഭയില്‍ പറഞ്ഞത്. എമ്പുരാന്റെ അണിയറപ്രവര്‍ത്തകരെ വിളിച്ച് സിനിമയിലെ നന്ദി കാര്‍ഡില്‍ നിന്ന് തന്റെ പേര് വെട്ടണമെന്ന് താനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ സുരേഷ് ഗോപിയെ ബി.ജെ.പി പോലും ഗൗരവമായി കാണുന്നില്ലെന്നും കേന്ദ്രമന്ത്രിയാണെങ്കിലും സുരേഷ് ഗോപി പറയുന്നതിനെ ഗൗരവമായി എടുക്കേണ്ടെന്നുമാണ് ജോണ്‍ ബ്രിട്ടാസ് ഇതിനോട് പ്രതികരിച്ചത്.

‘തനിക്ക് അദ്ദേഹത്തോട് സ്‌നേഹമാണുള്ളത്. അദ്ദേഹം പറയുന്നത് ഒന്നും ഗൗരവമായി കാണുന്നില്ല. അദ്ദേഹത്തെ എംപതിയോടെയാണ് എപ്പോഴും കാണുന്നത്. സുരേഷ് ഗോപി പറയുന്നത് ആരും സീരിയസ് ആയി എടുക്കാറുമില്ല. സിനിമാ നടനെന്ന പരിവേഷമാണ് അദ്ദേഹം ജയിപ്പിച്ചത് തന്നെ,’ ബ്രിട്ടാസ് പറഞ്ഞു. ഇന്ന് (വെള്ളി) മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഇടത് എം.പിയുടെ പ്രതികരണം.

ഇതിനിടെ ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളോട്, ഉത്തരം പറയാന്‍ സൗകര്യമില്ലെന്നും ചോദ്യങ്ങള്‍ ബ്രിട്ടാസിന്റെ വീട്ടില്‍ വെച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. കൈരളി ടി.വിയുടെ റിപ്പോര്‍ട്ടറെ സഹമന്ത്രി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

Content Highlight: Suresh Gopi challenges Mammootty in Rajyasabha

Latest Stories