ന്യൂദല്‍ഹി: ആശാ പ്രവര്‍ത്തകരുടെ സമരത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി സി.പി.ഐ.എം എം.പി വി. ശിവദാസന്‍. ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് ശിവദാസന്‍ എം.പി പറഞ്ഞു.
ആശമാരുടെ സമരവേദിയിയിലെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആശാ പ്രവര്‍ത്തകരെ കബളിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആശാ പ്രവര്‍ത്തകരെ കേന്ദ്രം തൊഴിലാളികളായി കാണുന്നില്ലെന്നും ശിവദാസന്‍ എം.പി ചൂണ്ടിക്കാട്ടി.
കേരളമാണ് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സത്യം പറയാന്‍ ധൈര്യമില്ലെന്നും ശിവദാസന്‍ എം.പി വിമര്‍ശിച്ചു.
ബി.ജെ.പിക്ക് വേണ്ടിയാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാര്യം സത്യമാണെന്നും ചില നേതാക്കള്‍ കേരളത്തിലെ ബി.ജെ.പിയെയാണ് രഹസ്യമായി പിന്തുടരുന്നതെന്നും ഇടത് എം.പി രാജ്യസഭയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആശാ പ്രവര്‍ത്തകരുടെ വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയും കോണ്‍ഗ്രസിനെതിരെ രാജ്യസഭയില്‍ പ്രതികരിച്ചിരുന്നു. കേരളത്തിലെ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ കോണ്‍ഗ്രസ് അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്.
ബി.ജെ.പിക്കെതിരെ ദല്‍ഹിയില്‍ സമരമിരിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. കോണ്‍ഗ്രസ് എം.പി ജെബി മേത്തറിന്റെ പ്രസംഗത്തിന് പിന്നാലെയായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനം.
ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു.
ആശാ പ്രവര്‍ത്തകരുടെ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരാണോ അതോ കേന്ദ്രമാണോ കള്ളം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് ജെബി മേത്തര്‍ രാജ്യസഭയില്‍ പറഞ്ഞത്. കുടിശികയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ സംസ്ഥാന ധനമന്ത്രി പറയുന്നത് 600 കോടി രൂപ കുടിശികയുണ്ടെന്നാണെന്നും ജെബി മേത്തര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി വിശദീകരണം നല്‍കണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ആശാ പ്രവര്‍ത്തകരാണ് ബുദ്ധിമുട്ടുന്നതെന്നും ജെബി മേത്തര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ജോണ്‍ ബ്രിട്ടാസ് കോണ്‍ഗ്രസിനെതിരെ പ്രതികരിച്ചത്.
Content Highlight: Suresh Gopi betrayed the hopes of the Asha’s; Congress does not have the courage to tell the truth: Sivadasan