| Monday, 7th June 2021, 11:16 am

സംസ്ഥാനത്തു ബി.ജെ.പിക്കേറ്റ തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പഠിക്കാന്‍ സുരേഷ് ഗോപിയ്ക്ക് ചുമതലയെന്നു റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യ്‌ക്കേറ്റ കനത്ത പരാജയത്തെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ രാജ്യസഭാ എം. പി. യും തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായിരുന്ന സുരേഷ് ഗോപിയ്ക്ക് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ആകെയുണ്ടായിരുന്ന നേമത്തെ സീറ്റും നഷ്ടപ്പെട്ടത് ബി.ജെ.പി.യ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. കൊടകര കുഴല്‍പ്പണക്കേസില്‍ പാര്‍ട്ടിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അതിനിടെ കേരളത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പു ഫണ്ടു കൈകാര്യം ചെയ്തതു വിലയിരുത്താന്‍ മൂന്നംഗ സമിതിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം നിയമിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഇടപെടലിനെതുടര്‍ന്നാണു സമിതി രൂപീകരിച്ചത്. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിബി ആനന്ദ ബോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണു നിയോഗിച്ചിരിക്കുന്നത്.

കൊടകര കുഴല്‍പ്പണക്കേസില്‍ ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങളില്‍ പ്രതികരിച്ച് കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെയുള്ള ബി. ജെ. പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

മാധ്യമങ്ങളും കോണ്‍ഗ്രസും സി.പി.ഐ.എമ്മും ബി.ജെ.പി.യെ വളഞ്ഞിട്ടാക്രമിക്കുന്നുവെന്നാണ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്. പ്രതികള്‍ക്കു സി.പി.ഐ.എം -സി.പി.ഐ. ബന്ധമാണ് ഉള്ളതെന്നും കുമ്മനം ആരോപിച്ചിരുന്നു.

കെ. സുരേന്ദ്രനെ പിന്തുണച്ച ബി.ജെ.പി. നേതാക്കള്‍ അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു. കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടി കൊച്ചിയിലെ ഹോട്ടലില്‍ നടക്കാനിരുന്ന കോര്‍ കമ്മിറ്റി യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനുമടക്കമുള്ള മുതിര്‍ന്ന നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

നിയമാനുസൃതമായി എല്ലാ അനുവാദവും വാങ്ങിയിരുന്നതാണെന്നും പെട്ടെന്നാണു പൊലീസ് യോഗം തടസ്സപ്പെടുത്തുന്ന നടപടിയുണ്ടായതെന്നും കുമ്മനം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Suresh Gopi Asked To Submit Election Defeat Of Bjp In Kerala

We use cookies to give you the best possible experience. Learn more