| Wednesday, 3rd January 2018, 1:00 pm

വാഹന നികുതി തട്ടിപ്പ്; സുരേഷ് ഗോപി കേസുമായി സഹകരിക്കുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് 10 ദിവസത്തേക്ക് കൂടി തടഞ്ഞു. കേസ് പരിഗണിച്ച ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അടുത്ത ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കും. കേരളത്തിലുള്ളവര്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് പുതുച്ചേരി വിലാസത്തില്‍ വ്യാജ രജിസ്ട്രേഷന്‍ നടത്തിക്കൊടുക്കുന്നതിനായി ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതിനായി ഒരു സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

സുരേഷ് ഗോപി എം.പി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും കോടതിയെ അറിയിച്ചു. സുരേഷ് ഗോപി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിന്റെ കൃത്യമായ രേഖകള്‍ ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

സുരേഷ് ഗോപിയുടെ കാര്‍ ഓവര്‍ സ്പീഡിന് അടക്കം പിടിക്കപ്പെട്ടു. അതനുസരിച്ച് പുതുച്ചേരിയിലെ വിലാസത്തില്‍ നോട്ടീസ് അയച്ചെങ്കിലും അങ്ങനെയൊരു ആളില്ല എന്ന അറിയിപ്പില്‍ തിരിച്ചുവരുകയുണ്ടായി എന്നും കോടതിയെ അറിയിച്ചു.

We use cookies to give you the best possible experience. Learn more