കോഴിക്കോട് : മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ക്ഷമ ചോദിച്ച് ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപി. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവർത്തക അറിയിച്ചതിന് പിന്നാലെയാണ് ക്ഷമാപണം.
മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും ജീവിതത്തിൽ ഇതുവരെ താൻ അപമാര്യാദയോടെ പെരുമാറിയിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുരേഷ് ഗോപി പറഞ്ഞു.
റിപ്പോർട്ടർക്ക് അനുഭവപ്പെട്ടതിനെ താൻ മാനിക്കുന്നുവെന്നും മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
‘മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് അവരോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം..
ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു
SORRY…’ സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
വെള്ളിയാഴ്ച കോഴിക്കോട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകുമ്പോൾ തോളിൽ കൈയിട്ടത്. ഉടൻ തന്നെ അതൃപ്തി പ്രകടിപ്പിച്ച് മാധ്യമപ്രവർത്തക മാറിനിന്നെങ്കിലും സുരേഷ് ഗോപി കയ്യെടുത്തില്ല. വീണ്ടും തോളിൽ കൈ വെച്ചപ്പോൾ മാധ്യമപ്രവർത്തക അപ്പോൾ തന്നെ തട്ടിമാറ്റുകയായിരുന്നു.
താൻ നേരിട്ട മോശം പെരുമാറ്റത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചിരുന്നു.
മാധ്യമപ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്നും സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചു.
തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണ് ഇതെന്നും എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും പത്രപ്രവർത്തക യൂണിയൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
Content Highlight: Suresh Gopi apologizes to Reporter for inappropriate behavior