| Wednesday, 1st April 2020, 4:03 pm

ജോര്‍ദാനില്‍ അകപ്പെട്ട പൃഥ്വിക്കും കൂട്ടര്‍ക്കും സഹായവുമായി സുരേഷ് ഗോപിയും ഫെഫ്ക്കയും ; വിസ നീട്ടികിട്ടിയേക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദിനില്‍ എത്തി കൊവിഡിനെ തുടര്‍ന്ന കുടുങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സഹായവുമായി ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക.

പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരാണ് സംഘത്തില്‍ കുടുങ്ങിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ കഴിയാതെ അകപ്പെട്ടു പോയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് മെയില്‍ അയച്ചിരുന്നു.

തുടര്‍ന്ന് ബി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഫെഫ്കയുടെ മുന്‍ ഭാരവാഹിയായ ഭാഗ്യലക്ഷ്മിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന്, കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍ ഈ പ്രശ്‌നത്തില്‍ ഇടപ്പെട്ടിരുന്നെന്നും ഫെഫക്കയുടെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

ഇതിന് പിന്നാസെ നടനും എം.പിയുമായ സുരേഷ് ഗോപിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും പ്രശ്‌നത്തില്‍ അദ്ദേഹം സജീവമായി ഇടപ്പെട്ടെന്നും ഫെഫ്ക്ക് പറഞ്ഞു. ജോര്‍ദാനിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി ദിവസേന സുരേഷ് ഗോപി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ 8- നു തീരുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ വിസയുടെ കാലാവധി നിട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് സുരേഷ് ഗോപിയെ എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും ഫെഫ്കയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങളും ബ്ലസിയും സഹപ്രവര്‍ത്തകരും പൂര്‍ണ്ണമായും സുരക്ഷിതരാണ്. അവരോട് നിരന്തരം ബന്ധപ്പെടുന്നുമുണ്ട്. അവരുടെ ഭക്ഷണം, ആരോഗ്യ, താമസ സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് അവര്‍ തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.കൂടാതെ വിമാനയാത്രകളുടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന ഘട്ടത്തില്‍തന്നെ മുഴുവന്‍ ചലച്ചിത്ര പ്രവര്‍ത്തകരെയും നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുന്ന ഭരണാധികാരികളും ജനപ്രതിനിധികളും പങ്കുവെച്ചിട്ടുള്ളതെന്നും ഫെഫ്ക ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ചിത്രീകരണത്തിന് ആദ്യ ഘട്ടം മുതലേ പ്രായോഗികമായ തടസ്സങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ അനുമതിയോടെയാണ് ചിത്രീകരണം ആരംഭിച്ചത്.

ഏപ്രില്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ഷൂട്ടിംഗിനായുള്ള നടപടിക്രമങ്ങളായിരുന്നു ഇതുവരെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ ഭരണകേന്ദ്രം റദ്ദ് ചെയ്തത്.

അനുമതി റദ്ദ് ചെയ്തതോടെയാണ് ജോര്‍ദാനില്‍ കുടുങ്ങിയ സംഘത്തിന് തിരിച്ചു വരാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് സംവിധായകന്‍ ബ്ലെസി ഫിലിം ചേംബറിന് കത്തയച്ചിരുന്നു.

ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഫിലിം ചേംബറും അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് ലോക് ഡൗണ്‍ അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരിച്ചു വരുന്നതു സംബന്ധിച്ച് തീരുമാനം അറിയിച്ചിട്ടില്ല.

അതേസമയം ജോര്‍ദാന്‍ സര്‍ക്കാരിന്റെ പിന്തുണയില്ലാതെ അവിടെ നില്‍ക്കുക എന്നതും സംഘത്തിന് ബുദ്ധിമുട്ട് നേരിടും എന്നതിനാലാണ് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് കത്തയച്ചത്.

ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ആദ്യം ഷൂട്ടിംഗ് റദ്ദു ചെയ്തത്. എന്നാല്‍ ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു.

ഇതോടെ ആന്റോ ആന്റണി എം.പിയെ സംവിധായകന്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ 10 വരെ ഷൂട്ടിംഗിനുള്ള അനുമതി ലഭിച്ചത്.

DoolNews Video

We use cookies to give you the best possible experience. Learn more