തൃശൂര്‍: തൃശൂരില്‍ സുരേഷ് ഗോപി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കും. സുരേഷ് ഗോപിയെ അമിത് ഷാ ദല്‍ഹിയക്ക് വിളിപ്പിച്ചു. അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സുരേഷ് ഗോപിയുമായി ജില്ലാ നേതൃത്വം സംസാരിച്ചതായാണ് വിവരം. തൃശൂരില്‍ മത്സരിക്കാനുള്ള സന്നദ്ധത സുരേഷ് ഗോപി അറിയിച്ചതായും സൂചനയുണ്ട്.
സുരേഷ് ഗോപി തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് മത്സരിക്കുന്നത് സംബന്ധിച്ച് സുരേഷ് ഗോപി സ്വീകരിച്ച നിലപാട്.
ബി.ഡി.ജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയായിരുന്നു നേരത്തെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ തുഷാര്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബി.ഡി.ജെ.എസിന് വെച്ച തൃശൂര്‍ സീറ്റ് ബി.ജെ.പിക്ക് നല്‍കുകയായിരുന്നു.
രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബി.ജെ.പി ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെയാണ് തുഷാറിനെ വയനാട്ടില്‍ പ്രഖ്യാപിച്ചത്.