സിനിമാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ കൈപ്പറ്റുന്ന പ്രയോജനങ്ങളെ പറ്റി സംസാരിച്ച് നടന്‍ സുരേഷ് ഗോപി. സിനിമക്ക് വേണ്ടി ഒരു പൈസ പോലും ചെലവാക്കാത്ത സര്‍ക്കാരുകള്‍ നികുതി വഴിയും മറ്റും ആ മേഖലയെ പിഴിഞ്ഞെടുക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരായാലും കേന്ദ്ര സര്‍ക്കാരായാലും ഇത് തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ സിനിമാമേഖലയെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
മേ ഹൂം മൂസ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി ബീ ഇറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയില്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റും നടത്താതെ പ്രയോജനം പറ്റുന്നവരാണ് സര്‍ക്കാരുകള്‍. നികുതിയുടെ കാര്യത്തില്‍ അത് വ്യക്തമായി കാണാം.
ഇവിടുത്തെ കാര്യമായാലും ജി.എസ്.ടിയായാലും കേന്ദ്ര സര്‍ക്കാരായാലും അത് തന്നെയാണ് അവസ്ഥ. എന്റര്‍ടെയ്ന്‍മെന്റ് ടാക്‌സ് തുടങ്ങി പോസ്റ്റര്‍ ഒട്ടിക്കുന്നതിന് വരെ ടാക്‌സുണ്ട്.
ഇനി ജോലിയുടെ കാര്യം പറയാം, പോസ്റ്റര്‍ ഒട്ടിക്കുന്നവന് ജോലി കൊടുക്കുന്നത് സിനിമാക്കാരാണ്, സര്‍ക്കാരല്ല. എന്നിട്ട് ആ പോസ്റ്റര്‍ ഒട്ടിക്കുന്നവന്‍ പോയി സര്‍ക്കാര്‍ നികുതി ഈടാക്കുന്ന സാധനങ്ങള്‍ വാങ്ങി ജീവിക്കും.
അപ്പോള്‍ ആരാണ് നയാ പൈസ ചെലവാക്കാതെ ലാഭം കൊയ്യുന്നതെന്ന് മനസിലായല്ലോ. സിനിമയില്‍ ഒരു കാര്യവും സര്‍ക്കാര്‍ ചെയ്യുന്നില്ല. പക്ഷെ എല്ലാ പ്രയോജനവും കൈപ്പറ്റുന്നുമുണ്ട്.
കൂടാതെ, ഒരു ഷൂട്ടിന്റെ സമയത്ത് അവിടെ കേറ്റത്തില്ല, ഇവിടെ കേറ്റത്തില്ല എന്നിങ്ങനെ കുറെ പറച്ചിലുകളും. റോഡില്‍ ഷൂട്ട് ചെയ്യുന്നതിന് പൈസ കൊടുക്കണം. ഒരു കെട്ടിടം ഷൂട്ട് ചെയ്യുമ്പോള്‍ ആ ഷോട്ടില്‍ റോഡ് വന്നാല്‍ അതിന് കാശ് കൊടുക്കണം. ഇങ്ങനെ പിഴിഞ്ഞെടുക്കുകയാണ്.
അതുകൊണ്ട് തന്നെ സിനിമ വളരണമെങ്കില്‍ സര്‍ക്കാര്‍ കാര്യമായ പിന്തുണ നല്‍കിയേ തീരു. കാരണം എന്റര്‍ടെയ്ന്‍മെന്റ് ടാക്‌സില്ലെങ്കില്‍ മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തിലുമൊന്നും ശമ്പളം കൊടുക്കാന്‍ പോലും സര്‍ക്കാരിന് കഴിയില്ല. വെല്ലുവിളിക്കുകയാണ് ഞാന്‍. നിങ്ങള്‍ തന്നെ പറ പറ്റുമോയെന്ന്,’ സുരേഷ് ഗോപി പറഞ്ഞു.
മേ ഹൂം മൂസ സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളിലെത്തുന്നത്. ജോഷി ചിത്രമായ പാപ്പന്റെ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് ഇത്. ജിബു ജേക്കബാണ് മേ ഹൂം മൂസ സംവിധാനം ചെയ്യുന്നത്.
മേ ഹൂം മൂസയില്‍ അശ്വിനി റെഡ്ഡി, പൂനം ബജ്‌വ, സുധീര്‍ കരമന, സൈജു കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Suresh Gopi against State and Central govt for taking advantage of cinema industry