| Wednesday, 27th September 2017, 9:00 am

വെറുതേ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു; ഇതൊക്കെ ഒരു ഭക്തന്റെ ഹൃദയവികാരമാണ്: കോടിയേരിയുടെ വിമര്‍ശനത്തിന് സുരേഷ് ഗോപിയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന തുറന്നുപറച്ചിലിനെ ന്യായീകരിച്ച് സുരേഷ് ഗോപി. ഇത് തന്റെ ആഗ്രഹമാണെന്നും കപട മനുഷ്യസ്‌നേഹികളാണ് ഇതിനെതിരെ രംഗത്തുവരുന്നതെന്നുമാണ് മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്.

ഈ അഭിപ്രായ പ്രകടനം ബ്രാഹ്മണിക്കല്‍ ചിന്തകളെ ഊട്ടി ഉറപ്പിക്കുന്നതും ജാതി ചിന്തകളെ വാഴ്ത്തുന്നതുമല്ലേയെന്ന ചോദ്യത്തോട് “അങ്ങനെ കുരുതുന്നവര്‍ക്ക് അങ്ങനെ കരുതാം” എന്ന മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. ഈ ഉടച്ചുവാര്‍ക്കല്‍ ഹിന്ദുമതത്തില്‍ മാത്രം മതിയോയെന്നും സുരേഷ് ഗോപി ചോദിക്കുന്നു.

“ചര്‍ച്ചിലും മോസ്‌കിലുമെല്ലാം പുരോഹിതന്മാരുടെ രീതികളും ചിട്ടകളും ഉണ്ട്. അതൊന്നും മാറ്റാന്‍ പറയുന്നില്ലല്ലോ? നിസ്‌കാരം പഠിച്ചവരെല്ലാം ഇമാമാകുന്നില്ലാലോ? തന്ത്രവും മന്ത്രവുമെല്ലാം പഠിച്ചുവരുന്നവര്‍ കര്‍മ്മം കൊണ്ട് ബ്രാഹ്മണരാകട്ടെ, അതിന് ഞാന്‍ എതിര് പറഞ്ഞിട്ടില്ല.” അദ്ദേഹം പറയുന്നു.


Also Read: ഗുജറാത്തും മധ്യപ്രദേശും ബി.ജെ.പിയ്ക്ക് നഷ്ടമാകുമെന്ന് ആര്‍.എസ്.എസ് സര്‍വ്വേ: ബി.ജെ.പിയെ ഞെട്ടിച്ച സര്‍വ്വേ ഫലം പുറത്ത്


ആര്‍.എസ്.എസിലും ബി.ജെ.പിയിലും പിടിച്ച് നില്‍ക്കാന്‍ ബ്രാഹ്മണനാകണമെന്ന തിരിച്ചറിവില്‍ നിന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്ന കോടിയേരിയുടെ ആരോപണത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അത് പുള്ളി സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

“അത് പുള്ളിയുടെ അഭിപ്രായം. അത് അദ്ദേഹം സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെ. എന്നോട് വേണ്ട. ഇനിയിപ്പോ രാജ്യസഭാംഗം അമ്പലത്തില്‍ പോകരുത് എന്നുകൂടി പറയുമോ ഇവര്‍? ഇതൊക്കെ ഒരു ഭക്തന്റെ ഹൃദയവികാരമാണ്. വെറുതേ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു.” അദ്ദേഹം പറഞ്ഞു.

താന്‍ ആദിവാസികള്‍ക്കുവേണ്ടിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. കാടിന്റെ മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവനാണ് താന്‍. പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പ്രഖ്യാപിക്കുന്നതിനു മുമ്പ് പൊങ്ങാട് കാട്ടിനകത്ത് കിലോമീറ്ററുകളോളം നടന്ന് ആദിവാസികള്‍ക്കുവേണ്ടി ശുചിമുറി നിര്‍മ്മിച്ച് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more