| Thursday, 31st October 2024, 10:23 am

'കാലിന് വയ്യാത്തതുകൊണ്ടാണ് ആംബുലന്‍സില്‍ വന്നത്'; പൂരനഗരയിലേക്ക് ആംബുലന്‍സിലാണ് എത്തിയതെന്ന് സമ്മതിച്ച് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സേവാഭാരതിയുടെ ആംബുലന്‍സിലാണ് തൃശൂര്‍ പൂരത്തിനെത്തിയതെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അന്നേദിവസം കാലിന് വേദനയുണ്ടായിരുന്നെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

ഇക്കാരണത്താലാണ് ആംബുലന്‍സില്‍ തൃശൂര്‍ പൂരത്തിനെത്തിയതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വാഹനം ചില ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിച്ചെന്നും അവിടെ നിന്ന് തന്നെ രക്ഷിച്ച് ആംബുലന്‍സില്‍ തൃശൂരിലെത്തിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

തനിക്ക് പറയാനുള്ളതെല്ലാം സി.ബി.ഐയോട് പറയാന്‍ തയ്യാറാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ധൈര്യമുണ്ടോ സി.ബി.ഐയെ വിളിക്കാനെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് ചോദിച്ചു.

സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ ജില്ലാ നേതൃത്വം സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പരാതിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ സുരേഷ് ഗോപി നിഷേധിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തിയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍ രംഗത്തെത്തി.

സുരേഷ് ഗോപി സ്വരാജ് റൗണ്ടില്‍ എത്തിയത് തന്റെ കാറിലാണെന്നും പിന്നീട് സഞ്ചരിച്ചത് ആംബുലന്‍സില്‍ തന്നെയാണെന്നുമാണ് അനീഷ് പറഞ്ഞത്. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അനീഷ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ചേലക്കരയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ചാണ് പൂരനഗരിയിലേക്ക് താന്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്. ബി.ജെ.പി ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും ആംബുലന്‍സില്‍ പോയി എന്നത് മായക്കാഴ്ചയാകാമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Content Highlight: Suresh Gopi admitted that he reached Puranagara in an ambulance

Latest Stories

We use cookies to give you the best possible experience. Learn more