| Wednesday, 13th April 2022, 1:21 pm

ചൊറിയന്‍ മാക്രി പറ്റങ്ങളാണ് ഇക്കൂട്ടര്‍: ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്ക്, കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ഞാന്‍; വിഷു കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. വിഷു കൈനീട്ടം നല്‍കുന്നതിനെതിരെ ചില വക്രബുദ്ധികളുടെ നീക്കം വന്നിരിക്കുകയാണെന്നും അത് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ വിജയമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളതെന്നും അല്ലാതെ നരേന്ദ്ര മോദിയുടേയോ സുരേഷ് ഗോപിയുടേയോ ചിത്രമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരു കുഞ്ഞിന്റെ കൈവെള്ളയില്‍ വെച്ചു കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടാന്‍ വേണ്ടിയാണ്. നാളെ ഒരു നിര്‍വഹണത്തിന് ഇറങ്ങുമ്പോള്‍ ഈ കുഞ്ഞിന്റെ കൈയിലേക്ക് ഒരു കോടി വന്നുചേരുന്ന അനുഗ്രഹവര്‍ഷമാകണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ്. എന്നാല്‍ ആ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്.

ഞാന്‍ ഉറപ്പിച്ചു പറയുന്നു ചൊറിയന്‍ മാക്രി പറ്റങ്ങളാണ് ഇവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഹീനമായ ചിന്തയുണ്ടെങ്കിലേ ഇതൊക്കെ ചെയ്യാന്‍ സാധിക്കുള്ളൂ, സുരേഷ് ഗോപി പറഞ്ഞു.

വിഷുവാര പരിപാടികളുടെ ഭാഗമായി 26 മണ്ഡലങ്ങളില്‍ വിഷുകൈനീട്ടം നല്‍കിയെന്നും സുരേഷ് ഗോപി പറഞ്ഞു. ആളെണ്ണി തിട്ടപ്പെടുത്താന്‍ പറ്റിയ കാര്യമല്ല ഇത്. റിസര്‍വ് ബാങ്ക് അയച്ചുതന്ന കണ്ടെയ്‌നറില്‍ നിന്നും 30000 പേര്‍ കൈനീട്ടം സ്വീകരിച്ചു എന്ന സന്തോഷം മനസിലുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരല്ല അതില്‍ കൂടുതല്‍. മുതിര്‍ന്ന പൗരന്മാര്‍, അച്ഛനമ്മമാര്‍, മുത്തശന്‍ മുത്തശിമാര്‍ കുഞ്ഞുങ്ങള്‍ ഇവരാണ് കൈനീട്ടം കൈപ്പറ്റിയ 70 ശതമാനവും.

തൃശൂര്‍ ജില്ലയില്‍ വിഷുനാളില്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രം നല്‍കേണ്ട കൈനീട്ടം പ്രധാനക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ ഏല്‍പ്പിച്ചിട്ടുണ്ട്. പാറമേക്കാവിലും തിരുവമ്പാടിയിലും വടക്കുന്നാഥ ക്ഷേത്രത്തിലും ഗുരുവായൂരിലും ഏല്‍പ്പിച്ചിട്ടുണ്ട്.

ക്ഷേത്രീയമാണോ വേറെ എന്തെങ്കിലുമാണോ എന്നറിയില്ല. ചില വക്രബുദ്ധികളുടെ നീക്കം അതിന് നേരെ വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.

അവര്‍ക്ക് അസഹിഷ്ണുതയുണ്ടായിരുന്നു. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ടുപിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്, സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Suresh Gopi About Vishu Kaineettam Controversy

We use cookies to give you the best possible experience. Learn more