| Thursday, 18th March 2021, 3:27 pm

അസുരനിഗ്രഹത്തിനായി മാളികപ്പുറമിറങ്ങി; ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥ്വിത്വത്തില്‍ സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ പ്രതികരണവുമായി നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി.

അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയെന്നായിരുന്നു ശോഭയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി.

എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു.

ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കേന്ദ്രനേതാക്കള്‍ തുടങ്ങി കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ഹെലികോപ്റ്ററിലെത്തിയാണ് സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

പുഴയ്ക്കലില്‍ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് അദ്ദേഹം കളക്ടറേറ്റിലെത്തിയത്. തൃശൂരില്‍ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവര്‍ത്തിച്ച സുരേഷ് ഗോപി എം.പി തൃശ്ശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്നും പറഞ്ഞു.

മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

ബി.ജെ.പി വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. വിവിധ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ വോട്ട് വര്‍ദ്ധനവിനൊപ്പം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ബി.ജെ.പിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടാമതെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷം ഗുണകരമാകുന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.

പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സുരേഷ് ഗോപിയെ ഇക്കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധപരിശോധനയില്‍ അദ്ദേഹത്തിന് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suresh Gopi About Shobha Surendran Candidateship

We use cookies to give you the best possible experience. Learn more