| Tuesday, 24th October 2023, 6:29 pm

ഷൈന്‍ ടോം ചാക്കോയെ ഇഷ്ടമാണ്; എനിക്ക് ഇടക്ക് അയാളുടെ പ്രേതം കയറും: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് ഷൈന്‍ ടോം ചാക്കോയെ ഇഷ്ടമാണെന്നും ഷൈന്‍ ഈ കാണിക്കുന്നതൊക്കെ മറ്റുള്ളവരെ എന്ററ്റൈന്‍ ചെയ്യിക്കാന്‍ വേണ്ടിയാണെന്നും സുരേഷ് ഗോപി. പലപ്പോഴും തനിക്ക് ഷൈനിന്റെ പ്രേതം കയറാറുണ്ടെന്ന് താരം പറയുന്നു.

ബിജു മേനോനുമായി ‘ഗരുഡന്‍’ സിനിമയുടെ പ്രമോഷന് വേണ്ടിയിരിക്കുമ്പോള്‍ തന്നില്‍ കുറച്ച് ഷൈന്‍ ടോം ചാക്കോയെ പ്രതീക്ഷിക്കാമെന്ന് സുരേഷ് ഗോപി കൂട്ടിചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. അഭിമുഖത്തില്‍ കൂടെ ബിജു മേനോനും ഉണ്ടായിരുന്നു.

‘എനിക്ക് ഷൈന്‍ ടോം ചാക്കോയെ ഭയങ്കര ഇഷ്ടമാണ്. എന്റെ വിശ്വാസത്തില്‍ അയാള്‍ ഈ കാണിക്കുന്നതൊക്കെ മറ്റുള്ളവരെ എന്ററ്റൈന്‍ ചെയ്യിക്കാന്‍ വേണ്ടിയാണ്. കാരണം അയാള്‍ എന്നെ കാണാന്‍ രണ്ടു തവണ വന്നിട്ടുണ്ട്.

ഈ രണ്ടു സമയത്തും ഞാന്‍ അയാളില്‍ അങ്ങനെയൊന്നും കണ്ടിട്ടില്ല. അപ്പോള്‍ ഞാന്‍ ഇയാളെന്താണ് ഇങ്ങനെയെന്ന് ചിന്തിക്കും. ഞങ്ങള്‍ പരസ്പരം കണ്ട ശേഷം അയാള്‍ കൊടുത്ത ഇന്റര്‍വ്യൂവിന് ഞാന്‍ കണ്ടിട്ടുള്ളത് കൈ കുത്തി തറയില്‍ വീഴുന്നതും ഫോണ്‍ എറിഞ്ഞു പിടിക്കുന്നതുമൊക്കെയാണ്.

ഞാന്‍ പറഞ്ഞു വരുന്നത്, പലപ്പോഴും എനിക്ക് അയാളുടെ പ്രേതം കയറാറുണ്ടെന്നാണ്. ബിജുവുമായി ഈ പടത്തിന്റെ പ്രമോഷന് വേണ്ടി ഇരിക്കുമ്പോള്‍ എന്നില്‍ കുറച്ച് ഷൈന്‍ ടോം ചാക്കോയെ പ്രതീക്ഷിക്കാം,’ സുരേഷ് ഗോപി പറയുന്നു

സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ചെത്തുന്ന പുതിയ സിനിമയാണ് ‘ഗരുഡന്‍’. ബിജു മേനോന് വേണ്ടി സിനിമയുടെ ഷൂട്ടിങ്ങ് ഡേറ്റ് ഒരുപാടു തവണ മാറ്റി വെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും സുരേഷ് ഗോപി സംസാരിക്കുന്നുണ്ട്.

‘ബിജുവിന്റെ സൗകര്യത്തിന് വേണ്ടി ഈ സിനിമയുടെ ഷൂട്ടിങ്ങ് ഡേറ്റ് അഞ്ചോ ആറോ തവണ മാറ്റേണ്ടി വന്നു. ഡേറ്റ് ഫിക്‌സ് ചെയ്യുന്നത് ഒരുപാട് തവണ മാറ്റി വെച്ചതിന് ശേഷമാണ്. അവസാനം ഞാന്‍ അരുണിനെയും ലിസ്റ്റിനെയും വിളിച്ചു സംസാരിച്ചു. ഞാന്‍ ഇല്ല, നിങ്ങള്‍ മറ്റാരെയെങ്കിലും വെച്ച് സിനിമ ചെയ്‌തോളൂവെന്ന് പറഞ്ഞു.

ബിജു മേനോന്‍ ആ സിനിമയില്‍ വേണമെന്ന് ഡയറക്ടര്‍ പറയുമ്പോള്‍, ഞാന്‍ അതിനെ ആക്‌സെപ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ ഞാനതിന് വഴങ്ങി കൊടുത്തുവെന്നാണ് അര്‍ത്ഥം. ഞാന്‍ അതിനെ ആക്‌സെപ്റ്റ് ചെയ്യുന്നില്ലെങ്കില്‍, മറ്റാരെയെങ്കിലും നോക്കാന്‍ പറയും. ആ കമാന്‍ഡിങ്ങ് പൊസിഷന്‍ ഇന്നുവരെ ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്തിട്ടില്ല.

പക്ഷെ ഒരു തവണ ദേഷ്യം വന്നിട്ട്, ‘ഞാന്‍ വേണോ ബിജു വേണോയെന്ന് നിങ്ങള്‍ തീരുമാനിക്ക്, എന്നിട്ട് അടുത്ത ഡേറ്റ് ഫിക്‌സ് ചെയ്യ്. ഇനി ഡേറ്റ് മാറ്റരുത്.’ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാരണം ആ സമയത്തൊന്നും ഞാന്‍ വേറെ സിനിമ ചെയ്തിട്ടില്ല,’ സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Suresh Gopi About Shine Tom Chacko

We use cookies to give you the best possible experience. Learn more