പഴയ കാലത്തെ ചില ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ സുരേഷ് ഗോപി. ഷൂട്ടിങ് കാണാന്‍ ചെന്ന തന്നെ പിടിച്ച് നടനാക്കിയ കഥയാണ് സുരേഷ് ഗോപി പറയുന്നത്. മമ്മൂട്ടി നായകനായ മനു അങ്കിള്‍ എന്ന ചിത്രത്തിലെ കോമഡി കഥാപാത്രമായ മിന്നല്‍ പ്രതാപന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലേക്ക് താന്‍ എത്തിയതിനെ കുറിച്ചാണ് മൂവീമാന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറയുന്നത്.
‘അത് ഞാന്‍ ചെയ്യേണ്ട സിനിമയല്ല. അമ്പിളിച്ചേട്ടന്‍ വരാതെ അവര്‍ മൂന്ന് നാല് ദിവസം കാത്തിരുന്ന് അവസാനം മമ്മൂട്ടി പിണങ്ങിപ്പോകുമെന്ന് വന്ന ഘട്ടത്തിലാണ് അത് സംഭവിക്കുന്നത്. ശരിക്കും ഞാന്‍ ഷൂട്ടിങ് കാണാന്‍ ചെന്നതാണ്.
അവിടെ ചെന്നതും ആ, നീ ഈ വേഷം ചെയ്താല്‍ മതി. അവന്റെ പൊലീസ് യൂണിഫോമിന്റെ അളവെടുക്ക് എന്ന് പറഞ്ഞു. അയ്യോ ഞാന്‍ ചെയ്യില്ല എനിക്ക് കോമഡി പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു. വന്ന് ചെയ്യടാ എന്നായി അവര്‍. ജോഷിയേട്ടന്‍ അവിടെ ഉണ്ടായിരുന്നു.
എടാ ധൈര്യായിട്ട് ചെയ്യ്. ഇത് നിന്റെ തലയിലെഴുത്താണ്. അല്ലാതെ നിന്നെ ആരെങ്കിലും വിളിച്ചിട്ടാണോ നീ ഇങ്ങോട്ട് വന്നത്. നീ അവരെയെല്ലാം വീട്ടില്‍ വിളിച്ചോണ്ട് പോയി ഊണുകൊടുക്കാനായിട്ടല്ലേ വന്നത്. നിന്റെ അച്ഛനല്ലേ നിന്നെ ഇങ്ങോട്ട് അയച്ചത്. ഇനി ഇത് ചെയ്തിട്ട് പോയാല്‍ മതി. ഇങ്ങനെയൊക്കെയാണ് ദൈവനിശ്ചയം വരുന്നത് എന്നൊക്കെ പറഞ്ഞു.
അങ്ങനാണ് അത് ചെയ്തത്. ശരിക്കും പറഞ്ഞാല്‍ എന്നിലെ ഒരു സ്റ്റാര്‍ പോസിബിലിറ്റിയെ അവിടെ വെച്ചാണ് കാണുന്നത്. ഇയാള്‍ സ്റ്റാറാണ് എന്ന് ഷാജി കൈലാസ് പറയുന്നത് ആ സമയത്താണ്. ന്യൂദല്‍ഹിയും ഇരുപതാംനൂറ്റാണ്ടുമൊക്കെ വന്ന ശേഷമാണ് ഞാന്‍ ഇത് ചെയ്യുന്നത്. ആളുകള്‍ക്ക് എന്നെ അറിയാം. എങ്കിലും ഷാജിയുമായുള്ള ആദ്യ മീറ്റിങ്ങൊക്കെ അവിടെ വെച്ചാണ് നടക്കുന്നത്. അങ്ങനെ മിന്നല്‍ പ്രതാപന്‍ എന്ന കഥാപാത്രം അഭിനയിച്ചു കഴിഞ്ഞു. ലൈറ്റ് പോയി ബാക്കി നാളെയെടുക്കാമെന്ന് പറഞ്ഞ് എന്നെ വിട്ടു. ചെളിയിലൊക്കെ വീഴുന്ന മലിനമായ ഒരു ചുറ്റുപാടിലാണ് ഷൂട്ട്. ഇതൊക്കെ കഴിഞ്ഞ് ഞാന്‍ വന്ന് കയറുന്നത് ഷാജി കൈലാസൊക്കെ ഇരിക്കുന്ന സ്ഥലത്തേക്കാണ്. അവിടെ വെച്ചാണ് ഷാജി എനിക്ക് കൈ തരുന്നത്, സുരേഷ് ഗോപി പറഞ്ഞു.
ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ് നിര്‍മ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മനു അങ്കിള്‍. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവര്‍ത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. 1988ലാണ് ചിത്രം പുറത്തിറങ്ങിയത്.
മമ്മൂട്ടി, സുരേഷ് ഗോപി, കെ.പി.എ.സി. ലളിത, ത്യാഗരാജന്‍, ലിസി, പ്രതാപചന്ദ്രന്‍, കെ.പി.എ.സി. അസീസ്, എം.ജി. സോമന്‍, ജലജ, മോഹന്‍ലാല്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ ഉണ്ടായിരുന്നു.
Content Highlight: Suresh gopi about Manu Uncle Movie