Film News
മമ്മൂക്ക ഒരു അപൂര്‍വ ജന്മമാണ്, മോഹന്‍ലാലിനും അതുപോലെയാവാന്‍ പറ്റില്ല: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 12, 01:29 pm
Sunday, 12th November 2023, 6:59 pm

മമ്മൂട്ടിയെ പറ്റി സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. സിനിമക്കായി ഭക്ഷണം നിയന്ത്രിക്കുന്ന കാര്യം പറയുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം മിണ്ടരുത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മമ്മൂട്ടി ഒരു അപൂര്‍വ ജന്മമാണെന്നും മോഹന്‍ലാലിന് പോലും അങ്ങനെയാവാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഡയറ്റ് എന്തെങ്കിലും നോക്കാറുണ്ടോ എന്നായിരുന്നു അവതാരക ചോദിച്ചത്. ഒന്നുമില്ല, ഡയറ്റ് ഒട്ടുമില്ലാത്ത ഏകജീവി ഈ ലോകത്തില്‍ താനാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ഒരു നടനെ സംബന്ധിച്ച് ശരീരം ആണ് അവന്റെ ആയുധം എന്ന മമ്മൂട്ടിയുടെ പരാമര്‍ശം ഓര്‍മിപ്പിച്ചപ്പോള്‍ ഭക്ഷണത്തിന്റെ കാര്യം പറയുമ്പോള്‍ മമ്മൂക്ക എന്ന് പറയുന്ന നടന്റെ പേര് ഇവിടെ ഉച്ഛരിക്കരുതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ‘അത് ഒരു അപൂര്‍വ ജന്മമാണ്. അങ്ങനെയൊന്നും ലോകത്ത് ആര്‍ക്കും പറ്റില്ല. വലിയ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനും പറ്റില്ല അതുപോലെയാവാന്‍,’ സുരേഷ് ഗോപി പറഞ്ഞു.

അടുത്ത സിനിമക്ക് വേണ്ടി ഭാരം കുറക്കണം, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കരുത് എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ചോദ്യത്തിന് തനിക്ക് പറ്റില്ലെന്നും ആ ഉപദേശം വേണ്ടെന്ന് വെക്കുമെന്നും താരം പറഞ്ഞു.

ഗരുഡനാണ് ഒടുവില്‍ റിലീസ് ചെയ്ത സുരേഷ് ഗോപിയുടെ ചിത്രം. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് അരുണ്‍ വര്‍മയാണ്. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

നവംബര്‍ മൂന്നിനാണ് ഗരുഡന്‍ റിലീസ് ചെയ്തത്. തലൈവാസല്‍ വിജയ്, സിദ്ദിഖ്, അഭിരാമി, നിഷാന്ത് സാഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

Content Highlight: Suresh Gopi about Mammootty’s diet