സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ ഏറെ നാളുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് പാപ്പന്‍. വന്‍ ഹൈപ്പിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് സുരേഷ് ഗോപി. മകനൊപ്പം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിക്കൊപ്പം ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ ഗോകുലും എത്തുന്നുണ്ട്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകരും.
പാപ്പന്‍ എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചപ്പോള്‍ ആ കഥാപാത്രം ചെയ്യാനായി താന്‍ സജസ്റ്റ് ചെയ്ത ഒരു താരത്തെ കുറിച്ച് പറയുകയാണ് സുരേഷ് ഗോപി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ ആ ചിത്രത്തില്‍ കാസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യം സുരേഷ് ഗോപി പങ്കുവെച്ചത്.
പാപ്പന്‍ സിനിമയില്‍ സുരേഷ് ഗോപിയല്ലായിരുന്നെങ്കില്‍ ആ റോള്‍ ആര് ചെയ്യുമായിരുന്നു എന്നാണ് തോന്നുന്നത് എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
‘ ഇതിന്റെ റൈറ്റര്‍ ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് ഇത് ചെയ്യുമെങ്കില്‍ മമ്മൂക്ക ചെയ്യണം എന്നാണ്. മമ്മൂക്ക ആക്‌സെപ്റ്റ് ചെയ്യുമെങ്കില്‍ ചെയ്യണമെന്നാണ് പറഞ്ഞത്. എന്റെ മൈന്‍ഡ് സെറ്റ് അല്ലല്ലോ അദ്ദേഹത്തിന്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഫാക്ടേഴ്‌സ് ഇല്ലേ ചൂസ് ചെയ്യാന്‍.
ഞാന്‍ ഇത് പറഞ്ഞപ്പോള്‍ അങ്ങേര്‍ എന്റെ അടുത്ത് പറഞ്ഞത് ഇത് സുരേഷേട്ടന്‍ ചെയ്യൂ, ഡയറക്ടര്‍ക്കും അതാണ് ആഗ്രഹം. മമ്മൂക്കയ്ക്ക് ഉള്ളത് ഞങ്ങള്‍ വേറെ വെച്ചിട്ടുണ്ട് എന്നായിരുന്നു, സുരേഷ് ഗോപി പറഞ്ഞു.
സിനിമാ ആസ്വാദനത്തിന്റെ കാര്യത്തില്‍ വലിയൊരു അന്തരം തന്റേയും ഓഡിയന്‍സിന്റേയും ഇടയില്‍ ഇല്ല എന്നാണ് മനസിലാക്കുന്നതെന്നും തന്നെ സിനിമ കിടുക്കിയെങ്കില്‍ പ്രേക്ഷകരെ ചിത്രം കിക്കിടുക്കട്ടെ എന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
ജോഷി സംവിധാനം ചെയ്യുന്ന പാപ്പനില്‍ പോലീസ് വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക.
മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.
Content Highlight: Suresh Gopi about Mammootty and Pappan movie role