തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും ബി.ജെ.പി ഭരണം പിടിക്കുമെന്ന് സുരേഷ് ഗോപി എം.പി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിക്ക് മാത്രമാണ് സാധ്യതകളുള്ളതെന്നും ശുഭ പ്രതീക്ഷയുണ്ടെന്നും ശാസ്തമംഗലം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപി പറഞ്ഞു.
‘ഇത്രയും നാള്‍ പ്രവര്‍ത്തകര്‍ നന്നായി പണിയെടുത്തു. എല്ലാത്തിന്റെയും വിലയിരുത്തലുണ്ടാകും, വിലയിരുത്തല്‍ പൂര്‍ണവും സത്യസന്ധവുമാണെങ്കില്‍ ബി.ജെ.പിക്ക് ഗംഭീര വിജയമുണ്ടാകും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇങ്ങു വരണം’, സുരേഷ് ഗോപി പറഞ്ഞു.
കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണം. പുതിയ തയ്യാറെടുപ്പില്‍ ബി.ജെ.പിക്ക് മാത്രമേ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ സാധിക്കൂ. എല്ലാം തീരുമാനിക്കുന്നത് വോട്ടര്‍മാരാണ്.
എല്ലാവരും ഉച്ചയ്ക്ക് മുമ്പ് വോട്ട് ചെയ്യണം. ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗത്തില്‍ ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ, തൃശൂര്‍ എനിക്ക് വേണം’ എന്ന ഡയലോഗ് ഹിറ്റായിരുന്നു. ഇതോടെ വലിയ രീതിയിലുള്ള ട്രോളുകളും ഉയര്‍ന്നു. തൃശൂരില്‍ പരാജയപ്പെട്ടെങ്കിലും സുരേഷ് ഗോപിയുടെ ആ ഡയലോഗ് ഇന്നും ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്.
ബി.ജെ.പി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. എല്‍.ഡി.എഫും യു.ഡി.എഫും കേരള രാഷ്ട്രീയത്തില്‍ അപ്രസക്തരായി എന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബി.ജെ.പി പിടിക്കുമെന്നും കുമ്മനം പറഞ്ഞു.
അതേസമയം തിരുവനന്തപുരത്ത് ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇന്ധനവില വര്‍ദ്ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കടകംപള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകാരവും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. ആദ്യ 15 മിനിറ്റില്‍ രണ്ട് ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക