തന്റെ ‘ഗരുഡന്‍’ സിനിമയില്‍ എല്ലാ പൊലീസ് സിനിമകളിലെയും പോലെ അഞ്ച് സീനുകള്‍ കഴിഞ്ഞാല്‍ ഒരു ഇടിയെന്ന രീതി കാണാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി. ഈ സിനിമയില്‍ ഒരു ഫൈറ്റ് സീന്‍ മാത്രമെ ഉള്ളൂവെന്നും അത് കഥയിലോ സ്‌ക്രിപ്റ്റിലോ ഉണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തന്നെ മൂന്ന് ദിവസം കഷ്ടപ്പെടുത്തിയിട്ടാണ് അത് ഷൂട്ട് ചെയ്തതെന്നും അതില്‍ ഒരു ദിവസത്തെ കഷ്ടപ്പാടിന്റെ ഭാഗങ്ങള്‍ മുഴുവന്‍ കട്ട് ചെയ്തു മാറ്റിയെന്നും അദ്ദേഹം പറയുന്നു.
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്ന സിനിമയാണ് ‘ഗരുഡന്‍’. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതിയ സിനിമ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഈ സിനിമയില്‍ ആകെ ഉണ്ടായിരുന്ന ഇടി, ആദ്യം ഇതിന്റെ കഥയിലോ സ്‌ക്രിപ്റ്റിലോ ഉണ്ടായിരുന്നില്ല. ഷൂട്ടിങ്ങ് തുടങ്ങിയ സമയത്ത് തിരുകി കയറ്റിയ ഫൈറ്റാണ് ഇതില്‍ ഉള്ളത്.
എന്നെ മൂന്ന് ദിവസം കഷ്ടപ്പെടുത്തിയിട്ടാണ് അത് ഷൂട്ട് ചെയ്തത്. അതില്‍ ഒരു ദിവസത്തെ കഷ്ടപ്പാടിന്റെ ഭാഗങ്ങള്‍ മുഴുവന്‍ കട്ട് ചെയ്തു മാറ്റി. ഫൈറ്റിന് ലെങ്ത് കൂടിപോയെന്നും പറഞ്ഞാണ് അങ്ങനെ ചെയ്തത്. അത് ഷൂട്ട് ചെയ്യാതിരുന്നാല്‍ മതിയായിരുന്നു. (ചിരിക്കുന്നു)
മതിയാവോളം പൊലീസ് വേഷങ്ങള്‍ ചെയ്‌തെന്ന് ഞാന്‍ പറയില്ല. ഇനിയും ഒരുപാട് വേര്‍ഷന്‍സ് വരാനുണ്ട്. ഓരോ കഥാപാത്രങ്ങളും എത്രത്തോളം വ്യത്യസ്ഥമാകുന്നു എന്നത് അഭിനേതാവിന്റെ മാത്രം മികവല്ല. സ്‌ക്രിപ്റ്റാണ് എല്ലാം. സ്‌ക്രിപ്റ്റ് ആ കഥാപാത്രത്തിന് എത്രത്തോളം സ്വാതന്ത്ര്യം തരുന്നുവോ അവിടെയാണ് അഭിനേതാവിന്റെ മികവ് ഉയര്‍ന്നു വരുന്നത്.
രഞ്ജി പണിക്കര്‍ സിനിമകളില്‍ വ്യത്യസ്തമെന്ന് പറയാന്‍ പറ്റില്ല. എങ്കിലും തന്നിട്ടുള്ള പൊലീസ് കഥാപാത്രങ്ങളുടെ ക്വാളിറ്റി ഒരിക്കലും കൈമോശം വരില്ല. വിജി തമ്പി, കെ. മധു തുടങ്ങിയവരുടെയൊക്കെ സിനിമകളില്‍ പൊലീസ് കഥാപാത്രങ്ങള്‍ മാറിമാറി വന്നിട്ടുണ്ട്.
എങ്കിലും കാക്കിയില്‍ അധികദൂരം പ്രത്യക്ഷപ്പെടാത്ത, എന്നാല്‍ തീക്ഷ്ണമായ പാറ്റേണുകളുള്ള കഥ പറയുന്നുണ്ട്. അങ്ങനെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ചെയ്യാന്‍ പറ്റിയത് ഈ കഥയുടെ വ്യത്യസ്ത കൊണ്ടാണ്,’ സുരേഷ് ഗോപി പറഞ്ഞു.
Content Highlight: Suresh Gopi About His Garudan Movie