ഞാന്‍ ചെല്ലുമ്പോഴേക്ക് അച്ഛന്റെ ദേഹത്തെ ചൂട് പോലും പോയിരുന്നു; എനിക്ക് ചെയ്യാന്‍ കഴിയാത്തത് ഇന്ന് എന്റെ മകന്‍ ചെയ്യുന്നു: സുരേഷ് ഗോപി
Movie Day
ഞാന്‍ ചെല്ലുമ്പോഴേക്ക് അച്ഛന്റെ ദേഹത്തെ ചൂട് പോലും പോയിരുന്നു; എനിക്ക് ചെയ്യാന്‍ കഴിയാത്തത് ഇന്ന് എന്റെ മകന്‍ ചെയ്യുന്നു: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th July 2022, 2:39 pm

തന്റെ അച്ഛനെ കുറിച്ചും അച്ഛന് വേണ്ടി തനിക്ക് ചെയ്യാന്‍ കഴിയാതെ പോയ കാര്യങ്ങളെ കുറിച്ചും വികാരാധീനനായി നടന്‍ സുരേഷ് ഗോപി. പാപ്പന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഗോകുല്‍ തനിക്ക് വേണ്ടി ചെയ്ത ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കവേയായിരുന്നു അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ സുരേഷ് ഗോപി പങ്കുവെച്ചത്.

‘യഥാര്‍ത്ഥ ജീവിതത്തില്‍ ഗോകുല്‍ എന്ന മകനും സുരേഷ് ഗോപിയെന്ന അച്ഛനും തമ്മിലുള്ള കെമിസ്ട്രി കുറച്ച് വ്യത്യസ്തമാണ്. എനിക്ക് എന്റെ ഉള്ളില്‍ ഒരു ഹൈഡിങ് ഉണ്ടായിരുന്നു. ഞാന്‍ അത്ര എക്‌സ്പ്രസീവ് ആയില്ല എന്നത് ഞാന്‍ ചെയ്ത പാതകമായിരിക്കാം. ഗോകുലിനോട് മാത്രമല്ല ഞാന്‍ എന്റെ മറ്റ് മൂന്ന് മക്കളോടും എക്‌സ്പ്രസ് ചെയ്തിട്ടില്ല. പക്ഷേ അവര്‍ ആ മതില്‍ക്കെട്ട് പൊളിച്ചു. ഇവന് ഇപ്പോഴും ഒരു ശാഠ്യമാണ് ആ മതില്‍ക്കെട്ട് പൊളിക്കില്ല എന്ന്. എന്നാല്‍ മൈക്കിള്‍ എന്ന മകന്‍ ആ മതില്‍ക്കെട്ട് പൊളിച്ചു എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

അച്ഛന്‍ എന്റേത് തന്നെ അല്ലേയെന്നും അവിടെ അങ്ങനെ ഒരു മതിലുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നുമായിരുന്നു ഇതിനോടുള്ള ഗോകുലിന്റെ പ്രതികരണം. അച്ഛന്‍ അങ്ങനെ ഒരു ബാരിയര്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ തന്നെ ഒരു റെസ്‌പെക്ടബിള്‍ ബാരിയര്‍ വെച്ചതാണ്. അച്ഛനെ ലാര്‍ജര്‍ ഫിഗറായി ഒബ്‌സേര്‍വ് ചെയ്യുന്നതില്‍ ഞാന്‍ ഒരു എന്‍ജോയ്‌മെന്റ് കണ്ടെത്തി. പുറമെ ആള്‍ക്കാര്‍ നോക്കുമ്പോള്‍ ഇതെന്താ മകന് തന്നെയല്ലേ പിന്നെയെന്താ ഇങ്ങനെ പേടിച്ച് മാറി നില്‍ക്കുന്നത് എന്ന് തോന്നുംവിധമായിരിക്കാം ഒരുപക്ഷേ അത്. അച്ഛന്റെ ആവശ്യം എന്താണെന്ന് നോക്കി അദ്ദേഹത്തിന്റെ ഒരു അസിസ്റ്റന്റിനെപ്പോലെ നില്‍ക്കാനാണ് ഒരു പ്രായം തൊട്ട് ഞാന്‍ ഇഷ്ടപ്പെട്ടത്, ഗോകുല്‍ പറഞ്ഞു.

ഫൈറ്റ് സീക്വന്‍സ് എല്ലാം എടുക്കുമ്പോള്‍ എന്‍ഷുവറും കലക്കി ഫ്‌ളാസ്‌കില്‍ കൊണ്ടുവന്ന് പിടിച്ച് നില്‍ക്കുന്നത് എന്റെ അസിസ്റ്റന്റോ ഡ്രൈവറോ അല്ലായിരുന്നെന്നും ഗോകുല്‍ ആണെന്നുമായിരുന്നു ഇതിന് പിന്നാല സുരേഷ് ഗോപി പറഞ്ഞത്. ഞാന്‍ കുടിക്കാന്‍ വെള്ളം അന്വേഷിക്കുമ്പോള്‍ അച്ഛാ കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് അവന്‍ ഫ്‌ളാസ്‌ക് എടുത്തുതരും.

ഞാന്‍ അതിശയിച്ചിട്ടുണ്ട്. എനിക്ക് ഇങ്ങനെ എന്റെ അച്ഛന് ചെയ്തുകൊടുക്കാന്‍ പറ്റിയിട്ടില്ല. അദ്ദേഹം ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും അനിയനാണ് നോക്കിയത്. അന്ന് അത്രയും സിനിമകള്‍ ചെയ്യുകയാണ്. ഓടി വന്ന് ഒന്നു കണ്ടുപോകാനൊക്കെയേ സാധിച്ചിട്ടുള്ളൂ. മരിക്കുന്ന സമയത്തും അച്ഛന് കുറച്ച് സീരിയസാണെന്ന് പറഞ്ഞ് അച്ഛനെ കാണാനായി പോകാനായി ഞാന്‍ കുളിക്കുമ്പോഴാണ് അച്ഛന്‍ മരിച്ച വാര്‍ത്ത അറിയുന്നത്.

ഞാന്‍ ഓടിയെത്തുമ്പോഴേക്കും അച്ഛന്റെ ദേഹത്തെ ചൂട് പോലും വിട്ടുപോയിരുന്നു. എന്റെ ജീവിതത്തിലെ അനുഭവം അതാണ്. ഞാന്‍ നോക്കുമ്പോള്‍ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ ഒരു പ്രൊഫഷണല്‍ എന്‍ഗേജ് മെന്റില്‍ പോലും സ്വന്തം മകന്‍ കൂടെ അഭിനയിക്കുന്നു. മകനാണോ അല്ലയോ എന്ന കണ്‍ഫ്യൂഷണില്‍ ഒരു കഥാപാത്രം അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഈ ഭാഗ്യം വേറെ ആര്‍ക്കുണ്ട്. ആ മകന്‍ എനിക്ക് കുടിക്കാനുള്ള വെള്ളവുമായി കാത്തുനില്‍ക്കുന്നു. ജീവിതത്തില്‍ കിട്ടാവുന്ന നല്ല അനുഭവങ്ങളാണ് ഇതെല്ലാം. ഗോകുല്‍ എന്റെ മുന്നില്‍ കസേര വലിച്ചിട്ട് ഇരുന്ന് അത് ചെയ്യില്ല. നിന്നിട്ടേ ചെയ്യൂ. എന്നാല്‍ മറ്റ് മൂന്ന് പേരും അങ്ങനെ അല്ല. എന്റെ തലയില്‍ കയറിയങ്ങ് നിരങ്ങും.

ഭാഗ്യ തനി ചട്ടമ്പിയാണ്. സ്വഭാവത്തിലല്ല അവളുടെ രീതി അങ്ങനെയാണ്. വന്ന് സ്‌നേഹിച്ച് ഉമ്മ തരുന്നതൊക്കെ. എന്നെ ഞെരുക്കിക്കളയും. ഭാവ്‌നയാണെങ്കില്‍ അവള്‍ക്ക് അച്ഛന്‍ വീക്ക്‌നെസ് ആണ്. മാധവനാണെങ്കില്‍ എന്റെ ബോസാണ് അവന്‍ എന്ന രീതിയിലാണ്, സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Suresh Gopi About His Father death and Gokul Suresh