| Friday, 30th June 2023, 9:10 am

ദുല്‍ഖറിനോ പ്രണവിനോ ഉള്ള ലോഡ്, അത് എന്തായാലും ഗോകുലിന് ഉണ്ടാവില്ല: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ദുല്‍ഖറിന് മേല്‍ വരുന്ന ഭാരം ഗോകുല്‍ സുരേഷിനുണ്ടാവില്ലെന്ന് സുരേഷ് ഗോപി. താന്‍ ഒരു വലിയ ആക്ടറല്ല എന്നതാണ് അതിന് കാരണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഗോകുലിനൊപ്പം മുമ്പ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് സുരേഷ് ഗോപി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ഞാന്‍ മോഡെസ്റ്റാവുന്നതല്ല. പക്ഷേ യേശുദാസിന്റെ മകന്‍ പാടുന്നു, എന്ന് പറയുമ്പോഴുള്ള വിജയ്ക്ക് ഉണ്ടാകുന്ന ലോഡ്, മമ്മൂട്ടിയുടെ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ദുല്‍ഖറിനുള്ള ലോഡ്, പ്രണവിന് ഉള്ള ലോഡ്, അത് എന്തായാലും ഗോകുലിന് ഉണ്ടാവില്ല. കാരണം ഞാന്‍ അത്രയും വലിയ ആക്ടറല്ല,’ സുരേഷ് ഗോപി പറഞ്ഞു.

അച്ഛന്‍ തനിക്ക് അങ്ങനെ ഒരു പ്രഷര്‍ തന്നിട്ടില്ലെന്ന് ഗോകുലും ഈ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘അച്ഛന്‍ സ്വന്തം കരിയറില്‍ അങ്ങനെ ഒരു പ്രഷര്‍ ബില്‍ഡ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കും അങ്ങനൊരു പ്രഷര്‍ തന്നിട്ടില്ല. നിനക്ക് ഇങ്ങനെ ഒരു ഉത്തരവാദിത്തമുണ്ട്, അത് കളയരുത് എന്ന് പറഞ്ഞ് ടെന്‍ഷനടിപ്പിക്കില്ല. പഠിത്തത്തിന്റെ കാര്യമാണെങ്കിലും സിനിമയുടെ കാര്യമാണെങ്കിലും പ്രഷര്‍ തന്നിട്ടേയില്ല,’ ഗോകുല്‍ സുരേഷ് പറഞ്ഞു.

പാപ്പന്‍ സിനിമയുടെ ഭാഗമായിട്ടായിരുന്നു ഇരുവരും ഈ അഭിമുഖം നല്‍കിയത്. പാപ്പന്‍ പ്രമോഷന്റെ ഭാഗമായി നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ഗോകുലിന്റെ സിനിമകള്‍ കാണാതിരുന്നതിനെ പറ്റിയും സുരേഷ് ഗോപി സംസാരിച്ചിരുന്നു.

‘ഗോകുലിന്റെ സിനിമകളൊന്നും ഞാന്‍ കാണാറില്ലായിരുന്നു. ഇര വന്നപ്പോള്‍ രാധിക എന്നോട് പറഞ്ഞു, ഏട്ടന്‍ ഇതുവരെ ഇറങ്ങിയ അവന്റെ രണ്ട് പടവും കണ്ടിട്ടില്ല, ഇര നന്നായി ഓടുന്നു, ഉണ്ണി മുകുന്ദന്‍ വരെ ചോദിക്കുന്നുണ്ട് പടം കണ്ടിട്ട് അച്ഛന്‍ വല്ലോം പറഞ്ഞോന്ന്. അച്ഛന്‍ അങ്ങനെ അവന്റെ സിനിമ കാണാറില്ലെന്ന് രാധിക ഉണ്ണി മുകുന്ദനോട് പറഞ്ഞിരുന്നു.

ഏട്ടന്‍ അവന്റെ പടങ്ങള്‍ പോലും കാണുന്നില്ലെന്ന് അവന് പരാതിയുണ്ടെന്ന് രാധിക പറഞ്ഞു. അങ്ങനെ ഞാന്‍ ഏരിസ് ഫ്ളെക്സില്‍ പോയിരുന്ന് ഇര കണ്ടു. അവിടെ വെച്ച് എനിക്ക് കുറ്റബോധം തോന്നി. അവന്‍ ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കില്‍ ചില ഏരിയകള്‍ ബ്ലാസ്റ്റ് ചെയ്തുകൊടുക്കാമായിരുന്നു. അവന്റെ പൊട്ടന്‍ഷ്യല്‍ അതിലുണ്ട്. പക്ഷേ അത് ഒന്ന് ബൂസ്റ്റ് ചെയ്ത് വിടണം.

ഗോകുല്‍ അങ്ങനെയൊരു ഫേസില്‍ നില്‍ക്കുകയാണ്. അവന് ഒരുപാട് പഠിക്കാനുണ്ട്. ശരിയായത് അവന്‍ തെരഞ്ഞെടുക്കുന്ന സമയം വരും. അത് വരുന്നത് വരെ കാത്തിരിക്കാം,’ സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ഗോകുലും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിക്കുന്ന കിങ് ഓഫ് കൊത്ത റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടിയിരുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്.

Content Highlight: suresh gopi about dulquer salmaan and gokul suresh

We use cookies to give you the best possible experience. Learn more