| Sunday, 3rd October 2021, 1:46 pm

ബി.ജെ.പി അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ താന്‍ സമര്‍ത്ഥനാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബി.ജെ.പി നേതാവ് പി.പി. മുകുന്ദനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. എന്നാല്‍ മുകുന്ദനുമായുള്ള കൂടിക്കാഴ്ച സംഘടനാ കാര്യങ്ങളുമായി ബന്ധമുള്ളതല്ലെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

പി.പി. മുകുന്ദനുമായി തനിക്ക് 1989 മുതലുള്ള പരിചയമാണ്. ആ ബന്ധമാണ് ഇപ്പോഴും തുടരുന്നത്. മുകുന്ദനുമായി തനിക്ക് പാര്‍ട്ടി ബന്ധമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തേയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് എത്തേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമാണ് സുരേഷ് ഗോപിയുടെ നിലപാട്.

സിനിമാ നടന്‍ അല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍ കാല്‍വച്ചു വളര്‍ന്നവരാണ് ആ സ്ഥാനത്തേക്കു വരേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ താന്‍ അധ്യക്ഷനാവണമെന്നു പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സുരേഷ് ഗോപിയെ ബി.ജെ.പി അധ്യക്ഷനാക്കാന്‍ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Suresh Gopi about BJP President Post

We use cookies to give you the best possible experience. Learn more