കിങ് ഓഫ് കൊത്ത ഇതുവരെ കണ്ടില്ല, ഇനി അത് കാണേണ്ട ആവശ്യമില്ല: സുരേഷ് ഗോപി
കിങ് ഓഫ് കൊത്ത താന്‍ കണ്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ഗോകുലിന് അതില്‍ വിഷമമുണ്ടെന്നും അവന്റെ ഒരു പടവും താന്‍ മുഴുവനായി കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഗരുഡന്‍ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘ഞാന്‍ ആ സിനിമ കണ്ടിട്ടില്ല. അതില്‍ അവന് വിഷമമുണ്ട്. അവന്റെ സിനിമകളില്‍ ആകെ കണ്ടിട്ടുള്ളത് മുത്തു ഗൗ മാത്രമാണ്. അതും ഫുള്ളായി കണ്ടിട്ടില്ല. ഇടക്കിടക്ക് കുറച്ചായി കാണും. അപ്പോള്‍ എന്റെ എന്തെങ്കിലും കാര്യം വന്ന് ഞാന്‍ ഓടിപ്പോവും. എന്റെ സിനിമകള്‍ കാണുന്നത് പോലെ തന്നെയാണ് അവന്റെ സിനിമകള്‍ കണ്ട് വിലയിരുത്തുന്നത്.
കൊത്ത ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ എനിക്കിനി അത് കാണേണ്ട ആവശ്യമില്ല. കാരണം ഒരുപാട് പേര് ആ സിനിമ കണ്ടതിന് ശേഷം വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ സന്തോഷിപ്പിക്കുന്നതാണ്. അവന്റെ ചരിഞ്ഞുള്ള ചില ലുക്ക്‌സ് ഒക്കെ കാണുമ്പോള്‍ സുരേഷേട്ടനാണെന്ന് തോന്നി പോവുമെന്ന് നൈല എന്നോട് പറഞ്ഞിരുന്നു. അതിന് അവന്‍ തന്നെ മറുപടി പറഞ്ഞുവെന്ന് തോന്നുന്നു. അത് പിന്നെ ഡി.എന്‍.എ അതായി പോയില്ലേ, പിന്നെ ഞാന്‍ എന്ത് ചെയ്യാനാണെന്ന്.
അത് ഒരു ചലഞ്ചാണ്. ഞാന്‍ ഇതിന് മുമ്പും ഈ കാര്യം പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനെ പോലെയോ അല്ലെങ്കില്‍ മമ്മൂക്കയെ പോലെയോ ഉള്ള നടന്മാര്‍ അവരുടെ മക്കള്‍ക്ക് ഭാരമായ ഒരു നിലവാരത്തിലുള്ള ഒരു നടനല്ല ഞാന്‍. അതുകൊണ്ട് ഗോകുലിന് ആ ഭാരമില്ല. അതുകൊണ്ട് ആക്ടറെന്ന നിലക്ക് നല്ല ലിബര്‍ട്ടി ഉള്ള സ്ഥലത്താണ് ഗോകുല്‍ ഉള്ളത്. ഞാന്‍ ഒരിക്കലും അവന് ഒരു വലിയ ബാലികേറാമലയല്ല.
ഗോകുല്‍ എന്നോട് ഒരു ഒറ്റ കാര്യമേ ചോദിച്ചുള്ളൂ. അച്ഛന്റെ ആ കോസ്റ്റിയൂമര്‍ പളനിയങ്കിളിനെ കൊണ്ട് ആ കോസ്റ്റിയൂം തയ്പ്പിച്ചോട്ടെന്ന് ചോദിച്ചു. നിന്റെ സിനിമയും നിന്റെ ആഗ്രഹങ്ങളും എന്ത് ഓതിത്തരുന്നോ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം നിനക്കാണ് ഉള്ളത്. അത് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ,’ സുരേഷ് ഗോപി പറഞ്ഞു.
Content Highlight: Suresh Gopi abot king of kotha