സുരേഷ് ചാലിയത്തിനെതിരെ ഏതെങ്കിലും സ്ത്രീ പരാതിപ്പെട്ടിരുന്നോ? ആണുങ്ങളായ ഗുണ്ടാപ്പടയുടെ വികാരം വ്രണപ്പെടാന്‍ മാത്രം എന്താണ് സംഭവിച്ചതെന്നും ശാരദക്കുട്ടി
മലപ്പുറം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായി ചിത്രകാരനും അധ്യാപകനും കലാ സംവിധായകനുമായ സുരേഷ് ചാലിയത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. സുരേഷ് ചാറ്റ് ചെയ്തു എന്ന് പറയപ്പെടുന്ന സ്ത്രീ ആരാണെന്ന് ശാരദക്കുട്ടി ചോദിച്ചു.
‘സുരേഷ് ചാലിയത്തിനെതിരെ ഏതെങ്കിലും സ്ത്രീ നിയമപരമായി പരാതി നല്‍കിയിരുന്നോ? പരസ്പര സമ്മതപ്രകാരമാണോ അവര്‍ സംവദിച്ചിരുന്നത്? നിയമ വിരുദ്ധമായി അയാള്‍ ആക്രമിക്കപ്പെട്ടു,’ ശാരദക്കുട്ടി പറഞ്ഞു.
സുരേഷുമായി സംസാരിച്ചുവെന്ന് പറയപ്പെടുന്ന സ്ത്രീ ശരിക്കും ഉള്ളതാണെങ്കില്‍ അവര്‍ പുറത്ത് വന്ന് സത്യം പറയണമെന്നും ശാരദക്കുട്ടി ആവശ്യപ്പെട്ടു.
‘നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ ഈ മൗനം ചതിയാണ്. ക്രൂരതയാണ്. ഈ വിധത്തില്‍ വീടുകയറിത്തല്ലാന്‍ നടക്കുന്ന സ്വന്തം ഗുണ്ടകളോട് പരസ്യമായി രണ്ടു വര്‍ത്തമാനം പറയാനെങ്കിലും നിങ്ങള്‍ക്ക് കഴിയണം,’ ശാരദക്കുട്ടി പറഞ്ഞു.
സുരേഷിനെ ആക്രമിക്കാന്‍ വന്ന ആണുങ്ങളായ ഗുണ്ടാപ്പടയുടെ വികാരം വ്രണപ്പെടാന്‍ മാത്രം എന്താണ് സംഭവിച്ചതെന്നും അവര്‍ ചോദിച്ചു.
ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ സുരേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുമായി വാട്സാപ്പില്‍ ചാറ്റ് ചെയ്തെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകള്‍ സുരേഷിനെ വീട്ടിലെത്തി ആക്രമിച്ചിരുന്നു.
സുരേഷിനെ മര്‍ദ്ദിച്ച ശേഷം അക്രമിസംഘം വലിച്ചിഴച്ച് കൊണ്ടുപോവുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തിരുന്നെന്നും അമ്മയുടെയും മക്കളുടെയും കണ്‍മുന്നില്‍ വച്ച് മര്‍ദ്ദിച്ച വിഷമത്തിലായിരുന്നു സുരേഷെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഉടലാഴം,സൂരൃകാന്തിപ്പാടം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായിരുന്നു സുരേഷ്.
ചിത്രകലാധ്യാപകനായ സുരേഷ് ചാലിയത്തിനെതിരെ ഏതെങ്കിലും സ്ത്രീ നിയമപരമായി പരാതി നല്‍കിയിരുന്നോ ? പരസ്പര സമ്മതപ്രകാരമാണോ അവര്‍ സംവദിച്ചിരുന്നത് ? നിയമ വിരുദ്ധമായി അയാള്‍ ആക്രമിക്കപ്പെട്ടു. പിന്നെ ആ മനുഷ്യന്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
ആക്രമിക്കാന്‍ വന്നത് കുറെ ആണുങ്ങളാണ്. ഈയാണുങ്ങള്‍ക്ക് ഇത്ര വികാരം വ്രണപ്പെടാന്‍ അവിടെ എന്താണുണ്ടായത് അവരിലാര്‍ക്കുമല്ല അദ്ദേഹം സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത് എന്നാണറിയുന്നത്.
ആരുടെ രക്ഷകരായാണ് ഗുണ്ടാപ്പട ഇറങ്ങിയത് ? ആ സ്ത്രീ എവിടെ ഒളിച്ചിരിക്കുന്നു ?
അങ്ങനെ ഒരു സ്ത്രീ ഉണ്ടോ ? ഉണ്ടെങ്കില്‍ അവരോടാണ് ഈ അപേക്ഷ. നിങ്ങള്‍ക്ക് പരാതി ഇല്ലെങ്കില്‍ , അദ്ദേഹം നിങ്ങളുടെ നല്ല സുഹൃത്തായിരുന്നിരുന്നുവെങ്കില്‍, നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിച്ചിരുന്നുവെങ്കില്‍ നിങ്ങളുടെ ഈ മൗനം ചതിയാണ്. ക്രൂരതയാണ് . ഈ വിധത്തില്‍ വീടുകയറിത്തല്ലാന്‍ നടക്കുന്ന സ്വന്തം ഗുണ്ടകളോട് പരസ്യമായി രണ്ടു വര്‍ത്തമാനം പറയാനെങ്കിലും നിങ്ങള്‍ക്ക് കഴിയണം.
വീടിനു പുറത്ത് സൗഹൃദങ്ങളുണ്ടാകുമ്പോള്‍ ഒരു മിനിമം ധൈര്യവും പരസ്പര വിശ്വാസവും കൂടെ കയ്യില്‍ കരുതണം. വീട്ടിലെയും പുറത്തെയും ഗൗതമന്മാരോട് നിലത്തു നില്‍ക്കാന്‍ പറയാനുള്ള കരുത്തുണ്ടാകണം. കുറ്റബോധത്താല്‍ അപമാനിതയായി ഭൂമിയില്‍ നിന്ന് താഴ്ന്നു താഴ്ന്നു പോകുന്നുണ്ടാകുമല്ലോ ഇപ്പോള്‍ തന്നെ നിങ്ങള്‍..
സ്വന്തം വീട്ടിലെ ആണുങ്ങള്‍ക്ക് കല്ലാക്കാനും മരമാക്കാനും അപമാനിച്ച് പാതാളത്തിലാഴ്ത്താനും നിന്നു കൊടുക്കാന്‍ ഇത് ത്രേതായുഗമല്ല. ഒരു സാധുമനുഷ്യന്‍ ചില മുഷ്‌കന്മാരാല്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. അപ്പുറത്തെല്ലാം അദ്യശ്യമാണ്. ആരാണ് ഏതാണ് ? എന്താണ് ? ആര്‍ക്കറിയാം എസ്.ശാരദക്കുട്ടി