കോട്ടയം കുഞ്ഞച്ചന്‍ മമ്മൂക്ക ചെയ്യുമെന്ന് എനിക്ക് ഉറപ്പ് തന്നത് അവരായിരുന്നു: ടി.എസ് സുരേഷ് ബാബു
Entertainment
കോട്ടയം കുഞ്ഞച്ചന്‍ മമ്മൂക്ക ചെയ്യുമെന്ന് എനിക്ക് ഉറപ്പ് തന്നത് അവരായിരുന്നു: ടി.എസ് സുരേഷ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th June 2024, 4:20 pm

മലയാളികള്‍ക്ക് ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ് സുരേഷ് ബാബു. 40 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ വെറും 20 സിനിമകള്‍ മാത്രമേ സുരേഷ് ബാബു സംവിധാനം ചെയ്തിട്ടുള്ളൂ. ഉപ്പുകണ്ടം ബ്രദേഴ്‌സ്, പ്രായിക്കര പാപ്പാന്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയത് സുരേഷ് ബാബുവാണ്.

മമ്മൂട്ടിയെ നായകനാക്കിയ കോട്ടയം കുഞ്ഞച്ചന്‍ അക്കാലത്തെ ധീരമായ പരീക്ഷണമായിരുന്നു. കോമഡിയും മാസും സമാസമം ചേര്‍ത്ത കോട്ടയം കുഞ്ഞച്ചന്‍ അക്കാലത്തെ വലിയ വിജയമായി. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുരേഷ് ബാബു.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ച ശേഷം മമ്മൂട്ടിയെക്കൊണ്ട് സിനിമ ചെയ്യിക്കും എന്ന് തന്നോട് ഉറപ്പ് പറഞ്ഞത് മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തായിരുന്നുവെന്ന് സുരേഷ് ബാബു പറഞ്ഞു. സ്‌ക്രിപ്റ്റ് തീര്‍ന്നെന്ന് മമ്മൂട്ടിയെ വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം ബോംബൈയിലായിരുന്നുവെന്നും വീട്ടില്‍ കൊടുത്തോളാന്‍ പറഞ്ഞതുകൊണ്ടാണ് ഭാര്യയുടെ കൈയില്‍ കൊടുത്തതെന്നും സുരേഷ് ബാബു പറഞ്ഞു.

ആദ്യമായിട്ടാണ് മമ്മൂട്ടിയുടെ ഭാര്യ ഒരു സ്‌ക്രിപ്റ്റ് വായിച്ചതെന്നും അവരുടെ അഭിപ്രായം കേട്ടാണ് മമ്മൂട്ടി കോട്ടയം കുഞ്ഞച്ചന്‍ ചെയ്തതെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ബാബു ഇക്കാര്യം പറഞ്ഞത്.

‘കോട്ടയം കുഞ്ഞച്ചന്റെ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയിട്ട് ഞാന്‍ മമ്മൂക്കയെ വിളിച്ച് സംസാരിച്ചു. പുള്ളി ആ സമയത്ത് ബോംബൈയിലായിരുന്നു. സ്‌ക്രിപ്റ്റ് വീട്ടിലേല്പിച്ചേക്കാന്‍ മമ്മൂക്ക പറഞ്ഞതുകൊണ്ട് പുള്ളിയുടെ ഭാര്യയെ ഏല്പിച്ചു. രണ്ട് ദിവസം കഴിഞ്ഞ് അവരെന്നെ വിളിച്ചിട്ട് ‘സ്‌ക്രിപ്റ്റ് വായിച്ചു, ഗംഭീരമായിട്ടുണ്ട്. സുരേഷിന് ഈ സിനിമ ബ്രേക്കായിരിക്കും. എന്തായാലും ഇത് മമ്മൂക്ക ചെയ്യും’ എന്ന് എനിക്ക് ഉറപ്പ് തന്നു.

ആദ്യമായാണ് മമ്മൂക്കയുടെ ഭാര്യ ഒരു സ്‌ക്രിപ്റ്റ് വായിക്കുന്നത്. അത് കോട്ടയം കുഞ്ഞച്ചന്റെയാണ്. അവരെന്നെ വിളിച്ച് കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷം ഡെന്നിസ് എന്നെ വിളിച്ചിട്ട് മമ്മൂക്കയുടെ ഭാര്യ ഡെന്നിസിനെ വിളിച്ചിട്ട് സ്‌ക്രിപ്റ്റ് അടിപൊളിയായെന്ന് പറഞ്ഞുവെന്ന് എന്നെ അറിയിച്ചു. അതൊക്കെയാണ് കോട്ടയം കുഞ്ഞച്ചന്റെ ഓര്‍മകള്‍,’ സുരേഷ് ബാബു പറഞ്ഞു.

Content Highlight: Suresh Babu shares the memories of Kottayam Kunjacahan Movie