മലയാളികള്‍ക്ക് ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ് സുരേഷ് ബാബു. 40 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ വെറും 20 സിനിമകള്‍ മാത്രമേ സുരേഷ് ബാബു സംവിധാനം ചെയ്തിട്ടുള്ളൂ. ഉപ്പുകണ്ടം ബ്രദേഴ്സ്, പ്രായിക്കര പാപ്പാന്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയത് സുരേഷ് ബാബുവാണ്.
സിനിമയില്‍ നിന്ന് രണ്ട് വര്‍ഷത്തോളം ബ്രേക്ക് എടുത്ത സുരേഷ് ബാബു ഏഷ്യാനെറ്റിലെ എക്കാലത്തെയും ഹിറ്റ് സീരിയലുകളിലൊന്നായ കടമറ്റത്ത് കത്തനാര്‍ അണിയിച്ചരുക്കിയിരുന്നു. സീരിയല്‍ ഹിറ്റായതിന് പിന്നാലെ കത്തനാര്‍ എന്ന സബ്ജക്ട് സിനിമയാക്കണമെന്ന ആഗ്രഹമുണ്ടായി എന്നും മമ്മൂട്ടിയോട് സംസാരിക്കുകയും ചെയ്തിരുന്നെന്ന് സുരേഷ് ബാബു പറഞ്ഞു.
സീരിയലിലൂടെ താന്‍ പ്രൂവ് ചെയ്തത് കൊണ്ട് മമ്മൂട്ടിക്ക് തന്റെ മേലെ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നെന്നും ഗോകുലം ഗോപാലനോട് നിര്‍മിക്കാന്‍ പറ്റുമോ എന്ന് ചോദിക്കുകയും ചെയ്‌തെന്നും സുരേഷ് ബാബു പറഞ്ഞു. അവതാറിന് വി.എഫ്.എക്‌സ് ചെയ്ത ടീമിനെക്കൊണ്ട് ഗ്രാഫിക്‌സ് ചെയ്യിക്കണമെന്നായിരുന്നു ആഗ്രഹമെന്നും സുരേഷ് ബോബു പറഞ്ഞു.
എന്നാല്‍ ബജറ്റ് എങ്ങനെ പോയാലും 100 കോടി ആകുമെന്ന് കണ്ടതുകൊണ്ട് ആ ശ്രമം താന്‍ ഉപേക്ഷിച്ചെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ബാബു ഇക്കാര്യം പറഞ്ഞത്.
‘കത്തനാര്‍ എന്ന സബ്ജക്ട് മമ്മൂക്കയെ നായകനാക്കി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതേ സബ്ജക്ട് സീരിയലാക്കി ചെയ്തത് കൊണ്ട് എന്റെ മേലെ മമ്മൂക്കക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. ഗോകുലം ഗോപാലനോട് ഈ പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എത്ര ബജറ്റാകുമെന്ന് എന്നോട് ചോദിച്ചു.
അവതാറിന്റെ വി.എഫ്.എക്‌സ് ചെയ്തവരെക്കൊണ്ട് ഈ സിനിമ ചെയ്യിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അത് കൊണ്ട് ഈ സിനിമയുടെ ബജറ്റ് എങ്ങനെ പോയാലും 100 കോടിക്കടുത്ത് ആവും. അത്രക്ക് ഹെവിയായിട്ടുള്ള പ്രൊജക്ടാണിത്. പക്ഷേ മലയാളത്തില്‍ ഒരു സിനിമക്ക് വേണ്ടി 100 കോടി ചെലവാക്കുക എന്നത് നടപ്പുള്ള കാര്യമല്ലാത്തത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു,’ സുരേഷ് ബാബു പറഞ്ഞു.
Content Highlight: Suresh Babu saying that he planned to do Kathanar movie with Mammootty