| Thursday, 30th August 2018, 8:04 am

നോട്ട് നിരോധനത്തെ ന്യായീകരിക്കാൻ കെ.സുരേന്ദ്രന്‍ പറഞ്ഞ ജന്‍ കല്യാണ്‍ യോജന എന്നൊരു പദ്ധതിയില്ല; അത് ഉത്തര്‍പ്രദേശിലെ തൊഴില്‍ തട്ടിപ്പിന്റെ പേര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട അവകാശവാദം വ്യാജം. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ പ്രകാരം ജന്‍ കല്യാണ്‍ യോജന എന്നൊരു പദ്ധതിയില്ല. അത് ഉത്തര്‍പ്രദേശിലെ ഒരു തൊഴില്‍ തട്ടിപ്പിന്റെ പേരാണ്.

നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതിനെ തുടര്‍ന്ന് തനിക്ക് നേരെ ഉയര്‍ന്ന പരിഹാസങ്ങളെ പ്രതിരോധിക്കുകയായിരുന്നു ബി.ജെ.പി നേതാവ്.

കള്ളപ്പണം പകുതി നികുതിയോടെ ബാങ്കിലടയ്ക്കാനുള്ള അവസരം സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നും, ആ പദ്ധതിയുടെ പേരാണ് ജന്‍ കല്യാണ്‍ യോജന എന്നുമാണ് സുരേന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞത്. യഥാർത്ഥത്തിൽ ഇങ്ങനെയൊരു സര്‍ക്കാര്‍ പദ്ധതിയില്ല.

2016ല്‍ ഉത്തര്‍പ്രദേശില്‍ 72,530 പേര്‍ക്ക് തൊഴില്‍ നല്‍കും എന്ന പേരില്‍ പ്രചരിച്ച ഒരു വ്യാജപദ്ധതിയുടെ പേരാണിത്. ഒരുപാട് പേര്‍ ഇതില്‍ അപേക്ഷിക്കുകയും വഞ്ചിക്കപ്പെടുകയും ചെയ്തു.

അതേസമയം കെ.സുരേന്ദ്രന്‍ ഉദ്ദേശിച്ച പദ്ധതി ഗരീബ് കല്യാണ്‍ യോജന ആവാനാണ് സാധ്യതകള്‍. കണക്കില്‍പ്പെടാത്ത 25 ശതമാനം സ്വത്ത് നിക്ഷേപിക്കാനും നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പലിശകൂടാതെ തിരിച്ചെടുക്കാനും സാധിക്കുന്ന പദ്ധതിയാണിത്. 50% പിഴയടച്ചാല്‍ കണക്കില്‍പ്പെടാത്ത സ്വത്ത് നിയമവിധേയമാക്കാനും സാധിക്കും.

We use cookies to give you the best possible experience. Learn more