| Thursday, 17th October 2024, 10:43 am

പാലക്കാടേക്ക് ബി.ജെ.പിയില്‍ നിന്ന് സുരേന്ദ്രനും ശോഭ സുരേന്ദ്രനും ശ്രീലേഖയും; ശോഭ സുരേന്ദ്രന്റെ പേര് വയനാട്ടിലും പരിഗണനയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ മൂന്നംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ എന്നിവര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ശോഭ സുരേന്ദ്രന്റെ പേര് പാലക്കാടിന് പുറമെ വയനാട്ടിലേക്കും പരിഗണിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവരെക്കൂടാതെ പാലക്കാടേക്ക് അതേ ജില്ലക്കാരനായ സി. കൃഷ്ണകുമാറിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജയിക്കാന്‍ സാധ്യതയുള്ള സീറ്റില്‍ അതേ പ്രദേശത്ത് നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് കൃഷ്ണകുമാറിനെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം.

എന്നാല്‍ എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ വോട്ടുവിഹിതം വര്‍ധിപ്പിക്കുന്ന ശോഭ സുരേന്ദ്രനെ തള്ളാനും പാര്‍ട്ടിക്ക് സാധിക്കില്ല. ഇരുവരും മുമ്പ് ബി.ജെ.പിക്ക് വേണ്ടി പാലക്കാട് സീറ്റി

ല്‍ മത്സരിച്ചവരാണ്. ശോഭ സുരേന്ദ്രന്‍ പാലക്കാട് നിന്ന് നിയമസഭയിലേക്കും കൃഷ്ണകുമാര്‍ പാലക്കാട് നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് എതിരാളിയായി ശോഭ സുരേന്ദ്രന് പുറമെ എം.ടി രമേശ്, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ചേലക്കരയില്‍ ടി.എന്‍ സരസു, ഷാജുമോന്‍ വട്ടക്കാട് എന്നിവരുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

അന്തിമ തീരുമാനം വ്യാഴാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. സംസ്ഥാന നേതൃത്വത്തിന് പുറമെ കേന്ദ്രം നിര്‍ദേശിക്കുന്നവരും സ്ഥാനാര്‍ത്ഥികളാവാനും സാധ്യതയുണ്ട്.

ത്രികോണ മത്സരം നടക്കുമെന്ന് പ്രവചിക്കപ്പെടുന്ന പാലക്കാട് ഇത്തവണ ബി.ജെ.പി വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നേതാക്കള്‍. എന്നാല്‍ വിജയസാധ്യത കുറഞ്ഞ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരുവട്ടം കൂടി വയനാട്ടില്‍ മത്സരിച്ച് നിലവിലെ ഗ്രാഫ് താഴേക്ക് പോകാന്‍ ബി.ജെ.പി നേതാക്കള്‍ താത്പര്യപ്പെടുന്നില്ല എന്നതാണ് ഇതിന് കാരണം.

അതേസമയം രാഹുലിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നേടിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ വയനാട്ടില്‍ കോണ്‍ഗ്രസ് ആരംഭിച്ച സ്ഥിതിക്ക് ഇത്തവണ മത്സരം ഒന്നും കൂടി കടുക്കും എന്നാണ് ബി.ജെ.പി നേതാക്കളുടെ വിലയിരുത്തല്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ശോഭ സുരേന്ദ്രനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവരുടെ ഗ്രൂപ്പ് താത്പര്യപ്പെടുന്നുണ്ടെങ്കിലും ശോഭയ്ക്ക് ഈ നീക്കത്തോട് താത്പര്യമില്ലെന്നാണ് സൂചന.

അതേസമയം കെ.സുരേന്ദ്രനെ തന്നെ വയനാട്ടില്‍ വീണ്ടും നിര്‍ത്താന്‍ ആവശ്യം ഉയര്‍ന്നെങ്കിലും സുരേന്ദ്രന്‍ താത്പര്യക്കുറവ് അറിയിച്ചിരുന്നു.

Content Highlight: Surendran, Shobha Surendran and Srilekha from BJP for Palakkad; It is hinted that Shobha Surendran is in two places

Video Stories

We use cookies to give you the best possible experience. Learn more