| Thursday, 9th March 2017, 10:36 am

മറൈന്‍ഡ്രൈവില്‍ നടന്നത് എല്‍.ഡി.എഫ് സ്‌പോണ്‍സര്‍ ചെയ്ത പ്രോഗ്രാം; ശിവസേന എല്‍.ഡി.എഫിന്റെ പോഷക സംഘടനയെന്നും കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഇന്നലെ ശിവസേന നടത്തിയ ഗുണ്ടായിസം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് എല്‍.ഡി.എഫ് ആണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. കേരളത്തില്‍ എല്‍.ഡി.എഫിന്റെ പോഷക സംഘടനയായാണ് ശിവസേന പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വാളയാറിലെ കുട്ടികളുടെ മരണമുള്‍പ്പെടെ ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രധാനവിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ ശ്രമം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ശിവസേനയുടെ പ്രതിഷേധം ആസൂത്രിതമാണെന്നതില്‍ സംശമില്ല.

മാധ്യമങ്ങളെ വിളിച്ചുവരുത്തി മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള ഒരു പ്രോഗ്രാമായിരുന്നു അവിടെ നടന്നത്. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രന്‍ പറയുന്നു.


Dont Miss പ്രേമിക്കുന്ന ആളുകളെ ചൂരലിന് അടിക്കാന്‍ നിങ്ങള്‍ ഏത് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആണ്; ലിജോ ജോസ് പെല്ലിശ്ശേരി 


കേരളത്തില്‍ പൊലീസിന് മേലുള്ള നിയന്ത്രണം സര്‍ക്കാരിന് നഷ്ടപ്പെട്ടുകഴിഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്‍പത് മാസം പിന്നിട്ടിട്ടും ഒരു കേസില്‍ പോലും കൃത്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈന്‍ ഡ്രൈവിലേക്കു പ്രകടനമായെത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു.

എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി.ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ മുന്‍കൂട്ടി അറിയിച്ചശേഷം ആസൂത്രിതമായാണു കയ്യില്‍ ചൂരല്‍വടിയുമായി ഇരുപതോളം ശിവസേന പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ടു നാലോടെ പ്രകടനമായി മറൈന്‍ഡ്രൈവിലെത്തിയത്.

പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അക്രമങ്ങള്‍ തടയുക, മറൈന്‍ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറും പിടിച്ചിരുന്നു.

We use cookies to give you the best possible experience. Learn more