| Saturday, 24th November 2018, 9:22 am

റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണം; കുടുംബവുമായി ഫോണില്‍ സംസാരിക്കണമെന്നും സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: തന്നെ റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ ആരോഗ്യസ്ഥിതി പരിഗണിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

ജാമ്യാപേക്ഷ ഇന്നു റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് സുരേന്ദ്രന്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. കുടുംബാംഗങ്ങളോടു ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്നുമുള്ള സുരേന്ദ്രന്റെ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.

സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്നുള്ള പൊലീസിന്റെ അപേക്ഷയിലും ഇന്നു തീരുമാനമുണ്ടാകും. ചിത്തിര ആട്ടവിശേഷത്തിനു ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്തുണ്ടായ സംഘര്‍ഷത്തിവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് സുരേന്ദ്രനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ചു കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് അരമണിക്കൂര്‍ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.


ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി; ആര്‍.എസ്.എസും ബി.ജെ.പിയും ഈ സാഹചര്യം മുതലെടുത്തു: എ.കെ ആന്റണി


അതേസമയം ഇന്നു ജാമ്യം ലഭിച്ചാലും കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരേന്ദ്രന് ഉടന്‍ പുറത്തിറങ്ങാനാകില്ല.

അതേസമയം യുവതീപ്രവേശത്തിന്റെ പേരില്‍ ശബരിമലയിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് എരുമേലിയിലും പരിസരത്തും പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു.

ശബരിമലയില്‍ യുവതികള്‍ക്കു ദര്‍ശനത്തിനു രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ പോകാന്‍ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് സ്റ്റേറ്റ് അറ്റോര്‍ണി നിലപാട് അറിയിച്ചത്. ഇതെത്ര പ്രയോഗികമാകുമെന്നു കോടതി ആരാഞ്ഞു.

യുവതികള്‍ക്കു പോകാനുള്ള ഭരണഘടന അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയമാണെന്നു കോടതി ചൂണ്ടിക്കാട്ടി. യുവതികള്‍ക്കു പ്രവേശനത്തിന് എന്തു സൗകര്യം ഒരുക്കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more