സൂറത്ത്: സാമ്പത്തിക പ്രതിസന്ധി കാരണം ഗുജറാത്തില്‍ അടച്ചുപൂട്ടിയത് 66000ത്തോളം ഡയമണ്ട് പോളിഷിങ് കേന്ദ്രങ്ങള്‍. 25 ലക്ഷം ഡയമണ്ട് പോളിഷര്‍മാരാണ് ഗുജറാത്തിലുള്ളതെന്നും അതില്‍ 66000 ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുകയാണെന്നുമാണ് സൂറത്ത് ഡയമണ്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പറയുന്നത്.
നിരവധി ചെറുകിട ഡയമണ്ട് പോളിഷിങ് യൂണിറ്റുകള്‍ പൂര്‍ണമായും അടച്ചിട്ട നിലയിലാണ്. ചില കേന്ദ്രങ്ങള്‍ ഉല്പാദനം വെട്ടിക്കുറച്ചിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
യു.എസും ഇന്ത്യയും തമ്മിലുള്ള വാണിജ്യ യുദ്ധമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് ജെം ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ദിനേഷ് നവാദിയ പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ കയറ്റുമതി ചെയ്യുന്ന വജ്രത്തിന്റെ 42%വും ചൈനയാണ് ഉപയോഗിക്കുന്നത്. ഈ ഡയമണ്ടുകള്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി അവര്‍ ലോകമെമ്പാടും കയറ്റിയയക്കും. അതില്‍ വലിയൊരു വിഭാഗം യു.എസിലേക്കാണ് പോകുന്നത്. എന്നാല്‍ യു.എസും ചൈനയും തമ്മില്‍ ഒരു വാണിജ്യയുദ്ധം സൃഷ്ടിച്ചിരിക്കുകയാണ് ട്രംപ്. അതു കാരണം യാന്‍ തകര്‍ത്തു. 22-25% തകര്‍ച്ചയാണുണ്ടായിരിക്കുന്നത്. അതേസമയം ചൈനയില്‍ ഉല്പാദന ചിലവ് വര്‍ധിക്കുകയും ചെയ്തു.’ അദ്ദേഹം പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഉല്പാദനം വെട്ടിക്കുറച്ചിരിക്കുകയാണെന്നാണ് സൂറത്തില്‍ ഡയമണ്ട് യൂണിറ്റ് നടത്തുന്ന പ്രതിക് ഡുഡേച്ച പറയുന്നത്. ‘കഴിഞ്ഞ നാലുമാസത്തിനിടെ ഫാക്ടറിലെ ഉല്പാദനത്തില്‍ 30% കുറവുണ്ടായിട്ടുണ്ട്. സാമ്പത്തികമാന്ദ്യമാണ് ഇതിന് കാരണം. നേരത്തെ ഞങ്ങള്‍ക്ക് 60 തൊഴിലാളികളുണ്ടായിരുന്നത് ഇപ്പോള്‍ 40 ആയി കുറഞ്ഞു. ഇപ്പോള്‍ ശമ്പളവും കുറച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പോകാമെന്ന് ഉറപ്പുവരുത്താനാണിത്.’ അദ്ദേഹം വിശദീകരിക്കുന്നു.
ജി.എസ്.ടിയാണ് തകര്‍ച്ചയ്ക്കു കാരണമെന്നാണ് വ്യാപാരിയായ ലാല്‍ജി പട്ടേല്‍ പറയുന്നത്. ‘ ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട് ഞങ്ങള്‍ 5% ജി.എസ്.ടി നല്‍കുന്നുണ്ട്. അതിന് ഇന്‍പുട്ട് ക്രഡിറ്റ് ലഭിക്കാറില്ല. സൂറത്ത് ഡയമണ്ട് അസോസിയേഷന്‍ വഴി ഞങ്ങള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സമീപിച്ചിരുന്നു. എന്തെങ്കിലുമൊരു പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.’
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഡയമണ്ട് യൂണിറ്റ് അടച്ചുപൂട്ടി ചായക്കട തുടങ്ങിയിരിക്കുകയാണ് മോട്ട വാരാച്ച സ്വദേശിയായ ജിതേന്ദ്ര പവാസിയ. ‘ മാസം 40,000 രൂപയിലേറെ വരുമാനം ലഭിക്കുന്നതായിരുന്നു.ഇപ്പോള്‍ അത് 8000-10000 ആയി കുറഞ്ഞിരിക്കുന്നു. ഒരുവര്‍ഷമായി കട പൂട്ടിയിട്ട്. ഞാനൊരു ചായക്കട തുടങ്ങാന്‍ തീരുമാനിച്ചു. പക്ഷേ വീട് നടത്തിക്കൊണ്ടുപോകാനുള്ള വരുമാനം അതുകൊണ്ട് കിട്ടുന്നില്ല.’ ജിതേന്ദ്ര പറയുന്നു.