സൂററ്റ്: കത്വവ, ഉന്നാവോ സംഭവങ്ങളുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് ഗുജാറാത്തിലെ സുറത്തില്‍ 11 വയസുകാരി ക്രൂരമായി കൊല്ലപ്പെട്ടു. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പടെ 86 മുറിവുകളുമായാണ് മൃതദേഹം കണ്ടെടുത്തത്.
ഏപ്രില്‍ ആറിനാണ് കുട്ടിയുടെ മൃതദേഹം ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം ചതുപ്പില്‍ നിന്ന് കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായത് പുറംലോകമറിഞ്ഞത്.
മരണത്തിന് കീഴടങ്ങും മുന്‍പ് ഒരാഴ്ചക്കാലമെങ്കിലും പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം. ശരീരത്തിലെ മുറിവുകള്‍ ഒരു ദിവസം മുതല്‍ ഏഴ് ദിവസം വരെ പഴക്കമുള്ളതാണ്. കൂടുതല്‍ മുറിവുകളും മരം കൊണ്ടുള്ള ആയുധം കൊണ്ടാണെന്ന് സൂറത്ത് സര്‍ക്കാര്‍ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ പറഞ്ഞു.
കുട്ടിയെ മറ്റ് എവിടെ നിന്നെങ്കിലും കൊലപ്പെടുത്തിയ ശേഷം ഗ്രൗണ്ടില്‍ കൊണ്ടിട്ടതാണെന്നാണ് പൊലീസ് നിഗമനം. അതേസമയം കുട്ടിയുടെ ബന്ധുക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കത്വവയിലേയും ഉന്നാവോയിലേയും ബലാത്സംഗക്കേസുകളില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. കത്വവ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മോദി രംഗത്തെത്തിയത്.കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സംഭവത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് വില കൊടുത്തും നീതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.