സൂറത്ത്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി ജയിച്ചാല്‍ വിവിധ തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഗുജറാത്തിലെ സൂറത്തില്‍ വിവേക് അജ്‌മേറ എന്ന ഐസ്‌ക്രീം പാര്‍ലര്‍ ഉടമയുടെ ആഹ്ലാദപ്രകടനം ഇതോടകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. തന്റെ പാര്‍ട്ടിയായ ബി.ജെ.പി ജയിച്ചതിന് വിവേക് തന്റെ പാര്‍ലറില്‍ പുതിയൊരു ‘ഐറ്റം’ കൂടി പരീക്ഷിക്കുകയാണ്. രണ്ടാംവട്ടവും പ്രധാനമന്ത്രി പദത്തിലേറാന്‍ പോകുന്ന നരേന്ദ്രമോദിയുടെ മുഖം പതിച്ച കുല്‍ഫിയിലൂടെ.
‘മോദി സീതാഫല്‍ കുല്‍ഫി’ എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്. ഇതില്‍ മോദിയുടെ മുഖം പതിച്ചിരിക്കുന്നത് ഏതെങ്കിലും യന്ത്രത്തിന്റെ സഹായത്തോടെയാണെന്നു വിചാരിച്ചാല്‍ തെറ്റി. കൈകൊണ്ടാണ് ആ പ്രക്രിയ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
24 മണിക്കൂറുകൊണ്ടാണ് 200 കുല്‍ഫികള്‍ ഉണ്ടാക്കിയത്. മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുന്ന മെയ് 30 വരെ മാത്രമേ കുല്‍ഫി ഇവിടെ ലഭിക്കൂ. ഇതുവരെ നല്ല കച്ചവടം ലഭിക്കുന്നതായി അജ്‌മേറ പറഞ്ഞു. ബി.ജെ.പിയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി 50 ശതമാനം വിലക്കിഴവിലാണ് ഇതു വില്‍ക്കുന്നത്.
ബി.ജെ.പിയിലെ ഗുജറാത്ത് സഹോദരങ്ങള്‍ എന്നു വിളിക്കപ്പെടുന്ന മോദിയുടെയും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെയും നാടാണ് ഗുജറാത്ത്. മോദി ഇവിടെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഷായായിരുന്നു ആഭ്യന്തരമന്ത്രി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷവുമായാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ അധികാരത്തിലേറുന്നത്. 303 സീറ്റുമായി ബി.ജെ.പി ഒറ്റയ്ക്കു കേവലഭൂരിപക്ഷം നേടിയപ്പോള്‍ പ്രതിപക്ഷത്തെ പ്രമുഖരായ കോണ്‍ഗ്രസിനു ലഭിച്ചത് 52 സീറ്റാണ്.
17-ാം ലോക്‌സഭാ രൂപീകരിക്കുന്നതിനു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ മോദിയെ ക്ഷണിച്ചുകഴിഞ്ഞു. 30-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മോദി മന്ത്രിസഭയില്‍ ഇത്തവണ ഷായും അംഗമാകാനാണു സാധ്യത.