സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുറ’. കപ്പേള എന്ന ചിത്രത്തിന് ശേഷം മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമയാണിത്. കുറേ നാളായി താന്‍ മുഴുനീളമായി തിരുവനന്തപുരം സ്ലാങ്ങില്‍ സംസാരിക്കുന്ന സിനിമ ചെയ്തിട്ടെന്ന് പറയുകയാണ് സുരാജ്. ‘മുറ’യുടെ ലൊക്കേഷന്‍ പൂര്‍ണമായും തിരുവനന്തപുരത്തുവെച്ചായിരുന്നെന്നും ആ നാട്ടില്‍ താന്‍ പോകാത്ത സ്ഥലങ്ങള്‍ വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ അഭിനയിക്കുന്ന എല്ലാവരും തന്നെ തിരുവനന്തപുരം ഭാഷയിലാണ് സംസാരിക്കുന്നതെന്നും തന്റെ വീടിന്റെ തൊട്ടടുത്തുതന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നെന്നും സുരാജ് പറയുന്നു. തന്റെ ഒപ്പം സിനിമയില്‍ അഭിനയിച്ചവരുടെ കൂടെ ഇരുന്നാല്‍ തിരുവനന്തപുരം സ്ലാങ് കറക്ട് ആയിട്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുറേ നാളായി ഞാന്‍ മുഴുനീള തിരുവനന്തപുരം സ്ലാങ് പറയുന്ന ചിത്രത്തില്‍ അഭിനയിച്ചിട്ട്. ഇതില്‍ എല്ലാ കഥാപാത്രങ്ങളും തിരുവനന്തപുരം സ്ലാങിലാണ് സംസാരിക്കുന്നത്. കുറേ നാളുകള്‍ക്ക് ശേഷമാണ് തിരുവനന്തപുരത്ത് വെച്ച് മാത്രം നടക്കുന്ന ഒരു സിനിമയുടെ ഷൂട്ടിന് ഞാന്‍ ഭാഗമാകുന്നത്.
തിരുവനന്തപുരം ജില്ലയില്‍ നമ്മള്‍ പോകാത്ത സ്ഥലമെല്ലാം വളരെ കുറവാണ്. മിക്ക സ്ഥലങ്ങളും കവര്‍ ചെയ്തിട്ടുണ്ട്. അതിന് കാരണമായത് ഞാന്‍ സ്റ്റേജ് ഷോയും പ്രോഗ്രാമായെല്ലാം നടക്കുന്ന സമയമാണ്. അങ്ങനെ പല സ്ഥലങ്ങളും അറിയാം ഒരുപാട് സുഹൃത്തുക്കളുള്ള സ്ഥലമാണ്. അങ്ങനെ അതേ സ്ഥലത്ത് തന്നെ ഷൂട്ടിന് വേണ്ടി പോകുമ്പോള്‍ സന്തോഷം.
എന്റെ വടക്കേപ്പുറത്തൊക്കെ സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു. എന്റെ വീടിന്റെ തൊട്ടടുത്ത്. കുറെ കാലമായി അങ്ങനെയൊക്കെ ഉള്ള ചിത്രത്തിന്റെ ഭാഗമായിട്ട്. അവരുടെ കൂടെ ഇരുന്നാല്‍ എനിക്ക് കറക്ട് ആയിട്ടുള്ള തിരുവനന്തപുരം സ്ലാങ് വരും അവരുടെ കൂടെ ഇരുന്നാല്‍ ആ സ്ലാങ് മാത്രമേ വരികയുള്ളു,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.