മിമിക്രിയിലൂടെ സിനിമയില്‍ വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍.
തമിഴ് സിനിമാ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സുരാജ് വെഞ്ഞാറമൂടിന് പുറമെ ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ, ദുഷാര വിജയന്‍ ഉള്‍പ്പടെയുള്ള മികച്ച താരനിരയാണ്ഈ സിനിമക്കായി ഒന്നിക്കുന്നത്. ഇപ്പോള്‍ വീര ധീര സൂരന്‍ തിയേറ്ററില്‍ കാണുന്നതിനെ കുറിച്ച് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്.
ഈ സിനിമ കാണാന്‍ തിയേറ്ററില്‍ വരുന്നവരോട് പ്രത്യേകമായി ഒരു കാര്യം പറയാനുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പത്ത് മിനുട്ട് മുമ്പായിട്ട് തിയേറ്ററില്‍ എത്തണമെന്നും സാധാരണയുള്ള ഒരു സിനിമ പോലെയല്ല വീര ധീര സൂരന്‍ എന്നും സുരാജ് പറഞ്ഞു. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററില്‍ എത്തുന്ന്.
‘വീര ധീര സൂരന്‍ സിനിമയുടെ വിശേഷങ്ങള്‍ പല അഭിമുഖങ്ങളിലായി ചെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ മാര്‍ച്ച് 27 മുതല്‍ ഈ സിനിമ കാണാന്‍ തിയേറ്ററില്‍ വരുന്നവരോട് പ്രത്യേകമായിട്ട് ഒരു കാര്യം പറയാനുണ്ട്.
വീര ധീര സൂരന്‍ കാണാന്‍ വരുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കണം. പത്ത് മിനുട്ട് മുമ്പായിട്ട് നിങ്ങള്‍ തിയേറ്ററില്‍ വരണം. അതിന് ഒരു കാരണമുണ്ട്. സാധാരണയുള്ള ഒരു സിനിമ പോലെയല്ല വീര ധീര സൂരന്‍.
സാധാരണ സിനിമകളില്‍ ആദ്യം ഹീറോയെ ഇന്‍ട്രഡ്യൂസ് ചെയ്യും അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിഷയം അവതരിപ്പിച്ച ശേഷം കഥാപാത്രങ്ങളെ പരിചയപ്പെടുത്തും. അതിന് ശേഷമാണ് കഥയിലേക്ക് നമ്മള്‍ ഹുക്ക് ആകുന്നത്.
എന്നാല്‍ ഇവിടെ വീര ധീര സൂരനില്‍ ആദ്യ ഷോട്ടില്‍ തന്നെ നമ്മള്‍ സ്‌റ്റോറിയിലേക്ക് കയറും. അതുകൊണ്ട് ഈ സിനിമയുടെ ആദ്യ ഷോട്ട് ഒരിക്കലും മിസ് ചെയ്യരുത്. കാരണം ആദ്യ ഷോട്ടില്‍ ഞാനുണ്ട് (ചിരി),’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjarmoodu Talks About Veera Dheera Sooran Movie On March 27th