ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് ഹാസ്യതാരമായും ഇപ്പോള്‍ കൊമേഴ്‌സ്യല്‍ സിനിമകളില്‍ വരെ നായകനായും എത്തിനില്‍ക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. താരത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ജന ഗണ മന മികച്ച അഭിപ്രായവുമായി പ്രദര്‍ശനം തുടരുകയാണ്.
സിനിമാ മേഖലയില്‍ സുരാജിന് ഏറ്റവും അടുപ്പമുള്ള താരങ്ങളിലൊരാളാണ് മമ്മൂട്ടി. രാജമാണിക്യം എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ തിരുവനന്തപുരം സ്ലാങ് പഠിപ്പിക്കാന്‍ എത്തിയ സുരാജ് പിന്നീട് ആ ബന്ധം തുടരുകയായിരുന്നു. പിന്നീട് മമ്മൂട്ടിയോടൊപ്പം നിരവധി ചിത്രങ്ങളിലാണ് സുരാജ് അഭിനയിച്ചത്.
മമ്മൂട്ടിയെ തനിക്ക് ഏത് പാതിരാത്രിക്കും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പറയുകയാണ് സുരാജ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.
‘ഏത് പാതിരാത്രിക്കും വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് മമ്മൂക്ക. ഞാന്‍ അധികം എല്ലാവരേയും വിളിക്കുന്ന ഒരാളല്ല. അത് പണ്ട് മുതലേ അങ്ങനെയാണ്. നമ്മുടെ മനസിലെ സ്‌നേഹം കാണിക്കാന്‍ എന്നും വിളിക്കണമെന്നില്ലല്ലോ.
എന്ത് പ്രശ്‌നമുണ്ടായാലും വിളിക്കാനുള്ള സ്വാതന്ത്ര്യം മമ്മൂക്ക എനിക്ക് നല്‍കിയിട്ടുണ്ട്. എന്നുവെച്ച് ഞാന്‍ എപ്പോഴും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല. പിന്നെ ചാക്കോച്ചനെ വിളിക്കാറുണ്ട്. രാജൂനെ വിളിക്കാറുണ്ട്. എന്നാല്‍ അത് എന്താണ് ആവശ്യം എന്നത് അനുസരിച്ച് ഇരിക്കും. ഇടക്ക് മെസേജ് അയക്കാറുണ്ട്.
ജന ഗണ മനക്ക് ശേഷം സുരാജ് നായകനായെത്തുന്ന ചിത്രം പത്താം വളവിനെ പറ്റിയും താരം സംസാരിച്ചു.
‘പപ്പേട്ടന്റെ( എം. പത്മകുമാര്‍) പടത്തില്‍ അഭിനയിക്കുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹം പത്താം വളവിന്റെ കഥയുമായി വരുന്നത്. രണ്ട് ഹീറോയുള്ള പടമാണ്. മറ്റേയാള്‍ ഇന്ദ്രജിത്താണ് എന്ന് പറഞ്ഞു. ഇടുക്കിയുടെ പ്രദേശത്ത് നടക്കുന്ന കഥയാണ്.
ഒരു സാധാരണ കുടുംബ ചിത്രമാണ്. ഒരു പ്രശ്‌നം വരുമ്പോള്‍ സാധാരണക്കാരന്റെ ജീവിതത്തില്‍ നിയമം എങ്ങനെയാണ് ഇടപെടുന്നതെന്നാണ് ഈ സിനിമ പറയുന്നത്. പ്രക്ഷകര്‍ കുടുംബസമേതം കണ്ടിരിക്കേണ്ട സിനിമയാണ്. എന്റെ മകളായിട്ട് മുക്തയുടെ മകളാണ് അഭിനയിക്കുന്നത്. അസാധ്യ അഭിനയമാണ്. അവള്‍ അടുത്ത മമാട്ടിക്കുട്ടിയാകും,’ സുരാജ് പറഞ്ഞു.
Content Highlight: Suraj Venjaramoodusays Mammootty gives him the freedom to call at any time